ഒരു ടിക്കറ്റിന് രണ്ട് ലക്ഷം; പിടിവിട്ട് കോഹ്‌ലി-വില്യംസണ്‍ പോര്

ഐ.സി.സി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ മത്സരത്തിനായുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ലോകം. ഇന്ത്യയും ന്യൂസിലന്‍ഡും തമ്മില്‍ സതാംപ്റ്റണില്‍ നേര്‍ക്കുനേര്‍ വരുമ്പോള്‍ ക്രിക്കറ്റ് ലോകവും ആവേശത്തിലാണ്. നാലായിരം കാണികള്‍ക്ക് മാത്രമാണ് കളികാണാന്‍ അവസരമുള്ളത്.

ഏജന്റുമാരുടെ കൈകയില്‍ നിന്നും രണ്ട് ലക്ഷം രൂപയ്ക്ക് വരെയാണ് ഒരു ടിക്കറ്റ് വിറ്റു പോകുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഐ.സി.സിയുടെ ഒഫീഷ്യല്‍ ടിക്കറ്റ്‌സ് ആന്‍ഡ് ട്രാവല്‍ ഏജന്റ്‌സ് വഴിയാണ് ടിക്കറ്റ് വില്‍പ്പന. ടിക്കറ്റിനൊപ്പം രാത്രി താമസം ഉള്‍പ്പെടെയുള്ള പാക്കേജുകളും ഉണ്ട്.

നാലായിരം പേര്‍ക്ക് ഫൈനല്‍ കാണാന്‍ പ്രവേശനം ഉണ്ടെങ്കിലും ആരാധകരുടെ കൈകളിലേക്ക് എത്തുന്നത് 2000 ടിക്കറ്റുകള്‍ മാത്രമാണ്. ബാക്കി രണ്ടായിരം ടിക്കറ്റ് ഐ.സി.സി സ്‌പോണ്‍സര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നല്‍കാനായി മാറ്റിവയ്ക്കും.

ജൂണ്‍ 18 നാണ് ന്യൂസിലന്‍ഡിനെതിരായ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ പോരാട്ടം. നിലവില്‍ ഇന്ത്യന്‍ താരങ്ങളെല്ലാം നാട്ടില്‍ ക്വാറന്റെയ്‌നിലാണ്. എട്ട് ദിവസത്തെ ക്വാറന്റെയ്ന്‍ പൂര്‍ത്തിയാക്കി ജൂണ്‍ 2നാണ് ഇന്ത്യ ഇംഗ്ലണ്ടിലേക്ക് പുറപ്പെടും.