ഇതുവരെ ഒരു വിക്കറ്റ് പോലും എടുക്കാത്ത അവനെ തുടരാൻ അനുവദിക്കരുത്, മാറ്റം വരണം; പ്രതികരണവുമായി ആകാശ് ചോപ്ര

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ നാലാം ടി20യിൽ ആവേഷ് ഖാനെ മാറ്റി അർഷ്ദീപ് സിങ്ങിനെയോ ഉമ്രാൻ മാലിക്കിനെയോ ടീമിന് പരിഗണിക്കാമെന്ന് ആകാശ് ചോപ്ര പറയുന്നു. ഐ.പി.എലിലെ മികച്ച പ്രകടനം കാരണമാണ് ആവേശിനെ ഇന്ത്യ ടീമിലെടുത്തത് എങ്കിലും ഇതുവരെ മികച്ച പ്രകടനം നടത്താൻ താരത്തിന് സാധിച്ചിരുന്നില്ല.

ഇതുവരെ കഴിഞ്ഞ 3 മത്സരങ്ങളിൽ നിന്നായി വിക്കറ്റൊന്നും വീഴ്ത്താൻ താരത്തിന് സാധിച്ചിരുന്നില്ല. പക്ഷെ 7 .90 എന്ന താരതമ്യേന കുഴപ്പമില്ലാത്ത എക്കണോമിയും താരത്തിനുണ്ട്. എന്തിരുന്നാലും ഇതുവരെ വിക്കറ്റൊന്നും വീഴ്ത്താൻ സാധിക്കാത്തതിനാൽ തന്നെ താരത്തെ മാറ്റണമാണെമെന്ന് ചോപ്ര പറയുന്നത്.

തന്റെ യൂട്യൂബ് ചാനലിൽ പങ്കിട്ട ഒരു വീഡിയോയിൽ, ആകാശ് ചോപ്ര ഇന്ത്യൻ ബൗളിംഗ് ഡിപ്പാർട്ട്‌മെന്റിൽ സാധ്യമായ മാറ്റങ്ങളെക്കുറിച്ച് പറഞ്ഞു. ആവേശിനെ കുറിച്ച് അദ്ദേഹം പറഞ്ഞത് ഇങ്ങനെ:

“ഇന്ത്യൻ ബൗളിംഗിൽ എന്തെങ്കിലും മാറ്റമുണ്ടാകുമോ? ആവേഷ് ഖാൻ – ഇതുവരെ ഒരു വിക്കറ്റ് പോലും നേടിയിട്ടില്ല. നിങ്ങൾക്ക് അങ്ങനെ വേണമെങ്കിൽ ഒരു മാറ്റം വരുത്താം, ടീമിന് ഗുണകരമായേക്കും ആ മാറ്റം.”

മധ്യപ്രദേശ് പേസറെ പുറത്തിരുത്തിയാൽ അർഷ്ദീപിനോ ഉമ്രാനോ അവസരം കൊടുക്കാമെന്നും മുൻ ഇന്ത്യൻ താരം കൂട്ടിച്ചേർത്തു. ആകാശ് ചോപ്ര വിശദീകരിച്ചു:

“എല്ലാം ടീമിനെ ആശ്രയിച്ചിരിക്കും. പകരക്കാരൻ വരണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. ടീമിന് വിജയഘടന മാറ്റാൻ താത്പര്യം ഇല്ലെങ്കിൽ ആവേഷ് തുടരട്ടെ.”