എല്ലാം അവസാനിപ്പിക്കുന്നതിന് മുമ്പ് അവൻ ആഘോഷിക്കുകയാണ്, വിരമിക്കാൻ ഒരുങ്ങുന്ന സൂപ്പർ താരത്തെക്കുറിച്ച് മുഹമ്മദ് കൈഫ്

ലോകോത്തര താരം ആണെങ്കിലും ഫീൽഡിൽ ഇറങ്ങുമ്പോൾ വിരാട് കോഹ്‌ലിയെ കുട്ടിയെ പോലെയാണെന്ന് അദ്ദേഹത്തിൻ്റെ ആർസിബി സഹതാരം ഗ്ലെൻ മാക്‌സ്‌വെൽ പറഞ്ഞിരുന്നു. വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന മുംബൈ ഇന്ത്യൻസ്-റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരു മത്സരത്തിൽ കോഹ്‌ലി കാണികളെ ത്രസിപ്പിക്കാൻ അത്തരത്തിൽ കുട്ടികൾ ചെയ്യുന്നത് പോലെ ഉള്ള തമാശകളുമായി നിറഞ്ഞ് നിന്നു. ഗ്രൗണ്ടിൻ്റെ എല്ലാ ഭാഗങ്ങളിലും മുംബൈ ബാറ്റർമാർ ഷോട്ടുകൾ പായിച്ച് മുന്നേറി ആർസിബി ബോളർമാർ തളർത്തുന്ന സമയത്തും തന്റെ ആരാധകരെ സന്തോഷിപ്പിക്കാൻ കോഹ്‌ലി ഫീൽഡിൽ തിളങ്ങി നിന്നു അവരെ ആംഗ്യങ്ങൾ കാണിച്ചു.

രോഹിത് ശർമ്മയും ഇഷാൻ കിഷനും മുംബൈയുടെ മറുപടി ബാറ്റിംഗിന് ഇറങ്ങിയപ്പോൾ അവരെ തമാശകൾ പറഞ്ഞ് കളിയാക്കാൻ ആദ്യം എത്തിയതും കോഹ്‌ലി ആയിരുന്നു. മുംബൈ ഇന്ത്യൻസിൻ്റെ ഡഗൗട്ടിന് സമീപം കോഹ്‌ലി ഫീൽഡ് ചെയ്യുമ്പോഴാണ് മത്സരത്തിലെ ഏറ്റവും രസകരമായ നിമിഷം നടന്നത്. മുംബൈ ഹെഡ് കോച്ചും ബാറ്റിംഗ് പരിശീലകനുമായ മാർക്ക് ബൗച്ചറിനെയും കീറോൺ പൊള്ളാർഡിനെയും രൂക്ഷമായി കോഹ്‌ലി നോക്കിയതും ശേഷം മൂവരും ചിരിച്ച ദൃശ്യങ്ങളുമൊക്കെ ക്യാമറ കണ്ണുകൾ ഒപ്പിയെടുക്കുക ആയിരുന്നു.

കമൻ്ററി ബോക്‌സിലുണ്ടായിരുന്ന മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ് കോഹ്‌ലിയുടെ രസകരമായ നിമിഷങ്ങൾ ആസ്വദിച്ചു. “അവൻ മൈതാനത്ത് സമയം ആസ്വദിക്കുകയാണ്, കാരണം ഇത് ക്രിക്കറ്റിലെ തൻ്റെ അവസാന ഘട്ടമാണെന്ന് വെറ്ററന് അറിയാം. അദ്ദേഹത്തിന് ക്യാപ്റ്റൻസിയുടെ ഉത്തരവാദിത്തം ഇല്ല, തൻ്റെ ഫ്രാഞ്ചൈസിക്ക് വേണ്ടി സ്വതന്ത്രമായി കളിക്കാൻ കഴിയും. ഈ സീസണിൽ കോഹ്‌ലി വ്യത്യസ്തനായിരുന്നു. എതിരാളികളുമായുള്ള സംഭാഷണങ്ങൾ അദ്ദേഹം ആസ്വദിക്കുകയും സ്ലെഡ്ജിംഗിലൂടെ അവരെ ക്രീസിലേക്ക് സ്വാഗതം ചെയ്യുകയും ചെയ്യുന്നു.”

Read more

“പണ്ട് കോഹ്‌ലി ഇങ്ങനെയായിരുന്നില്ല. ഒരുപക്ഷേ എല്ലാം അവസാനിപ്പിക്കുന്നതിന് മുമ്പ് അവൻ ആഘോഷിക്കുകയാണ്”മുഹമ്മദ് കൈഫ് പറഞ്ഞു. കോഹ്‌ലി ആർസിബിക്കായി റൺസ് അടിക്കുന്നുണ്ടെങ്കിലും മിക്കതും സെൽഫിഷ് ഇന്നിംഗ്സാണ് എന്നാണ് അദ്ദേഹത്തിന് എതിരെ ഉയരുന്ന ആക്ഷേപം. ഇന്നലെ താരം 9 പന്ത് നേരിട്ട് 3 റൺസാണ് നേടിയത്.