'അവന്‍ സ്‌കോര്‍ നേടിയാലും ഇല്ലെങ്കിലും മോശം ഫോമിലാണെന്ന് തോന്നില്ല'; ഇന്ത്യന്‍ താരത്തെ കുറിച്ച് നരെയ്ന്‍

ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മയെ വാനോളം പ്രശംസിച്ച് വിന്‍ഡീസ് താരം സുനില്‍ നരെയ്ന്‍. സ്‌കോര്‍ നേടിയാലും ഇല്ലെങ്കിലും മോശം ഫോമിലാണെന്ന് തോന്നില്ലാത്ത താരമാണ് രോഹിത് എന്ന് നരെയ്ന്‍ പറയുന്നു.

‘രോഹിത് ശര്‍മ പ്രതിഭാശാലിയായ താരമാണ്. അവന്റെ കഴിവില്‍ യാതൊരു സംശയവും ഇല്ല. കണ്ടിരിക്കാന്‍ മനോഹരമായ ബാറ്റിങ്ങാണ് രോഹിത്തിന്റേത്. എനിക്ക് കാണാന്‍ ഇഷ്ടമുള്ള ബാറ്റ്സ്മാന്‍മാരിലൊരാളാണ് രോഹിത്. അവന്‍ സ്‌കോര്‍ നേടിയാലും ഇല്ലെങ്കിലും മോശം ഫോമിലാണെന്ന് തോന്നില്ല.’

‘നായകനെന്ന നിലയില്‍ രോഹിത്തിന്റെ മികവ് നമുക്ക് അറിയാവുന്നതാണ്. അവന്റെ ഐപിഎല്‍ റെക്കോഡുകള്‍ മികച്ചതാണ്. മത്സരങ്ങള്‍ വിജയിപ്പിക്കാന്‍ കഴിവുള്ള താരമാണ് രോഹിത്’ നരെയന്‍ പറഞ്ഞു.

വിരാട് കോഹ്‌ലിയുടെ തിരിച്ചുവരവിനെക്കുറിച്ചും നരെയ്ന്‍ പ്രതികരിച്ചു. ‘ഫോമിലേക്കെത്തുന്നതും മോശം ഫോമിലാവുന്നതുമെല്ലാം ക്രിക്കറ്റിന്റെ ഭാഗമാണ്. മികച്ച ഫോമില്‍ എത്ര വര്‍ഷമാണ് അവന്‍ കളിച്ചത്. ലോകത്തിലെ മികച്ച താരങ്ങളിലൊരാളാണവന്‍. അതുകൊണ്ട് തന്നെ അവന്റെ തിരിച്ചുവരവും മികച്ചതാവും’ നരെയ്ന്‍ പറഞ്ഞു.