ഇനി സംഭവിക്കാന്‍ പോകുന്നത് വലിയ കാര്യങ്ങള്‍; മുന്നറിയിപ്പ് നല്‍കി ഗാംഗുലി

ബിസിസിഐ പ്രസിഡന്റ് സ്ഥാനത്ത് നിന്നുള്ള പടിയിറക്കത്തെക്കുറിച്ചും പുതിയ പദ്ധതികളെക്കുറിച്ചും മനസ് തുറന്ന് സൗരവ് ഗാംഗുലി. ഈ സമയത്തില്‍ മാത്രമാണ് വിശ്വസിക്കുന്നതെന്നും കളിക്കാരനായോ മറ്റേതെങ്കിലും സ്ഥാനത്തോ ഒരാള്‍ക്ക് തന്നെ എക്കാലത്തും തുടരാനാവില്ലെന്നും ഗാംഗുലി പറഞ്ഞു.

പിന്നോട്ടുള്ള കാര്യങ്ങളിലേക്ക് നോക്കാറില്ല. ഈ സമയത്തില്‍ മാത്രമാണ് വിശ്വസിക്കുന്നത്. വലിയ കാര്യങ്ങള്‍ ചെയ്യാനാണ് പോകുന്നത്. ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്റെ പ്രസിഡന്റായി അഞ്ച് വര്‍ഷം പ്രവര്‍ത്തിച്ചു. ബിസിസിഐ പ്രസിഡന്റായി മൂന്ന് വര്‍ഷവും. സമയം കഴിയുമ്പോള്‍ മുന്നോട്ട് പോകണം.

കളിക്കാരനായോ മറ്റേതെങ്കിലും സ്ഥാനത്തോ ഒരാള്‍ക്ക് തന്നെ എക്കാലത്തും തുടരാനാവില്ല. ബിസിസി ഐ പ്രസിഡന്റ് എന്ന നിലയിലും കളിക്കാരനെന്ന നിലയിലും ഒരു നാണയത്തിന്റെ രണ്ട് വശം പോലെ പ്രവര്‍ത്തിച്ചതിനെ അഭിമാനത്തോടെ കാണുന്നെന്നും ഗാംഗുലി പറഞ്ഞു.

ഈ മാസം 18ന് നടക്കുന്ന സമ്മേളനത്തില്‍ ഗാംഗുലിക്ക് പകരക്കാരനായി റോജര്‍ ബിന്നി പ്രസിഡന്റായി സ്ഥാനമേല്‍ക്കും. ബിസിസിഐയുടെ 36ാമത്തെ പ്രസിഡന്റ് എന്ന നേട്ടമാണ് റോജര്‍ ബിന്നിയെ കാത്തിരിക്കുന്നത്.