"ടീമില്‍ ഇനിയും തുടരണമെന്നുണ്ടെങ്കില്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചോണം"; ഹാര്‍ദിക് പാണ്ഡ്യയുടെ മുഖത്ത് നോക്കി മുന്നറിയിപ്പ് നല്‍കി ഗംഭീര്‍

ശ്രീലങ്കയ്ക്കെതിരായ ടി20 പരമ്പര 3-0 ന് സ്വന്തമാക്കിയതിന് ശേഷം ഡ്രസ്സിംഗ് റൂമില്‍ വെച്ച് ടീം പരിശീലകന്‍ ഗൗതം ഗംഭീര്‍ പ്രചോദനാത്മകമായ പ്രസംഗം നടത്തി. ശ്രീലങ്കയില്‍ നടന്ന മൂന്ന് മത്സര ടി20 പരമ്പരയിലെ പ്രകടനത്തിനും നേതൃത്വപരമായ കഴിവുകള്‍ക്കും നായകന്‍ സൂര്യകുമാര്‍ യാദവിനെയും സഹതാരങ്ങളെയും ഗൗതം ഗംഭീര്‍ പ്രശംസിച്ചു. എന്നാല്‍ അതിനൊപ്പം ഹാര്‍ദ്ദിക് പാണ്ഡ്യ അടക്കമുള്ള താരങ്ങള്‍ക്ക് ഒരു മുന്നറിയിപ്പും ഗംഭീര്‍ നല്‍കി.

ഇന്ത്യന്‍ ഏകദിന ടീമിന്റെ ഭാഗമല്ലാത്ത കളിക്കാരോട് ഇടവേളയ്ക്കിടെ തങ്ങളുടെ കഴിവുകളും ഫിറ്റ്നസും നിലനിര്‍ത്താന്‍ ഗൗതം ഗംഭീര്‍ ഉപദേശിച്ചു. ബംഗ്ലാദേശ് പരമ്പരയ്ക്കായി ഉയര്‍ന്ന ഫിറ്റ്നസ് നിലവാരവും ശക്തമായ നൈപുണ്യവും സജ്ജീകരിച്ച് ടീമിലേക്ക് മടങ്ങിവരാന്‍ ഗംഭീര്‍ കളിക്കാരോട് ആവശ്യപ്പെട്ടു.

50-ഓവര്‍ ഫോര്‍മാറ്റിന്റെ ഭാഗമാകാത്ത ചില കളിക്കാര്‍ക്ക് ദീര്‍ഘമായ ഇടവേള ഉണ്ടാകും. അതിനാല്‍ നിങ്ങള്‍ ബംഗ്ലാദേശ് പരമ്പരയ്ക്കായി മടങ്ങിവരുമ്പോള്‍, നിങ്ങളുടെ കഴിവുകളും ഫിറ്റ്‌നസ് ലെവലും ഉയര്‍ന്നതായി നിലനിര്‍ത്തുക. ആ പരമ്പരയെക്കുറിച്ച് ചിന്തിക്കുക, ഫിറ്റ്‌നസ് ലെവലുകള്‍ കൃത്യമായി ഉറപ്പാക്കുക- ഗംഭീര്‍ പറഞ്ഞു.

ഹാര്‍ദ്ദിക് ഏകദിന പരമ്പരയില്‍നിന്നും വിശ്രമം ആവശ്യപ്പെട്ട് പിന്മാറിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ വായിക്കുമ്പോള്‍ ഹാര്‍ദ്ദിക് അടക്കമുള്ള താരങ്ങള്‍ക്ക് ശക്തമായ ഒരു മുന്നറിയിപ്പാണ് ഗംഭീര്‍ നല്‍കിയിരിക്കുന്നത്. ടീമില്‍ തിരിച്ചെത്താന്‍ ഫിറ്റ്‌നസ് അനിവാര്യമാണെന്ന സന്ദേശമാണ് ഗംഭീര്‍ പങ്കുവെച്ചിരിക്കുന്നത്.

Read more