പാകിസ്ഥാനിൽ എത്തിയ ഇംഗ്ലണ്ട് താരങ്ങള്‍ക്ക് 'അജ്ഞാത' വൈറസ് ബാധ, പന്ത്രണ്ടോളം പേര്‍ 'കിടപ്പില്‍'

പാകിസ്ഥാനില്‍ പരമ്പരയ്ക്ക് എത്തിയ ഇംഗ്ലണ്ട് താരങ്ങള്‍ക്ക് ‘അജ്ഞാത’ വൈറസ് ബാധ. ഇംഗ്ലണ്ട് ടീമിലെ താരങ്ങള്‍ ഉള്‍പ്പെടെ പന്ത്രണ്ടോളം പേര്‍ രോഗബാധിതരായെന്നാണ് വിവരം. ഇതോടെ നാളെ തുടങ്ങാനിരിക്കുന്ന ആദ്യ ടെസ്റ്റ് മത്‌സരം മാറ്റിവച്ചേക്കുമെന്നാണ് വിവരം.

എന്താണ് ഈ താരങ്ങളുടെ അസുഖമെന്ന് വ്യക്തമല്ല. ഇവര്‍ക്ക് കോവിഡ് അല്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. രോഗബാധിതരോട് ഹോട്ടലില്‍ വിശ്രമിക്കാന്‍ പറഞ്ഞിട്ടുണ്ടെന്ന് ടീം വക്താവ് പറഞ്ഞു.

ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സ് ഉള്‍പ്പെടെയുള്ള താരങ്ങള്‍ക്കും കോച്ചിംഗ് സ്റ്റാഫിലെ ചിലര്‍ക്കുമാണ് രോഗബാധ. സാക് ക്രൗളി, ഒല്ലി പോപ്, ജോ റൂട്ട്, ഹാരി ബ്രൂക്ക്, കീറ്റണ്‍ ജെന്നിങ്‌സ് എന്നിവര്‍ മാത്രമാണ് ഇന്നു പരിശീലനത്തിന് ഇറങ്ങിയത്.

17 വര്‍ഷത്തിനുശേഷമാണ് ഇംഗ്ലണ്ട്, പാകിസ്ഥാനില്‍ ടെസ്റ്റ് മത്സരം കളിക്കുന്നത്. ആദ്യ ടെസ്റ്റിനായി ഇംഗ്ലണ്ട് തങ്ങളുടെ പ്ലേയിങ് ഇലവനെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. താരങ്ങളുടെ അസുഖം ഭേദമായില്ലെങ്കില്‍ ഇതില്‍ മാറ്റം വന്നേക്കും.