ലോക കപ്പില്‍ ഇന്ത്യ പുറത്തായാലും നായിക ചരിത്രം രചിച്ചു ; മിതാലിരാജിന് ലോക റെക്കോഡുമായി മടക്കം...!!

വനിതാലോകകപ്പില്‍ നിര്‍ണ്ണായക മത്സരത്തില്‍ ദക്ഷിണാഫ്രിക്കയോട് തോല്‍വി ഏറ്റുവാങ്ങി പുറത്തായെങ്കിലും നായിക മിതാലിരാജിന് ലോകറെക്കോഡുമായി മടക്കം. ഇന്ത്യയുടെ അവസാന ലീഗ് മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് എതിരേയുള്ള മത്സരത്തില്‍ അര്‍ദ്ധശതകം നേടിയതോടെയാണ് മിതാലി അപൂര്‍വ്വ റെക്കോഡിന് ഉടമയായത്. മത്സരത്തില്‍ ഹാഫ് സെഞ്ച്വറി നേടിയതോടെ വനിതാലോകകപ്പില്‍ ഈ നേട്ടം ഉണ്ടാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായും ഏറ്റവും പ്രായം കൂടിയതാരമായുമാണ് മിതാലി മാറിയത്.

ഞായറാഴ്ച ക്രൈസ്റ്റ് ചര്‍ച്ചിലെ മത്സരത്തില്‍ 84 പന്തുകളില്‍ 68 റണ്‍സാണ് താരം എടുത്തത്. 39 ാം വയസ്സിലാണ് മിതാലി ഇന്ത്യയ്ക്കായി ലോകകപ്പില്‍ അര്‍ദ്ധശതകം നേടുന്നത്. നേരത്തേ 2000 ല്‍ ദക്ഷിണാഫ്രിക്കയ്ക്ക എതിരേ തന്നെയായിരുന്നു താരം ഏറ്റവും പ്രായം കുറഞ്ഞ ഈ നേട്ടം കൈവരിക്കുന്ന താരമായി മാറിയതും. ഒരേ മൈതാനത്ത് ഒരേ എതിരാളികള്‍ക്ക് എതിരേ അര്‍ദ്ധ സെഞ്ച്വറി നേടിയ ഏറ്റവും പ്രായം കൂടിയ താരമായും ഏറ്റവും പ്രായം കുറഞ്ഞതുമായ താരമായി മിതാലി ലോകറെക്കോഡ് ഇടുകയായിരുന്നു.

Read more

മത്സരത്തില്‍ ഇന്ത്യ 274 റണ്‍സ് എടുത്തിട്ടും തോറ്റു പുറത്താകാനായിരുന്നു വിധി. 36 പന്തുകളില്‍ 53 റണ്‍സ് എടുത്ത ഷഫാലി വര്‍മ്മയും 84 പന്തില്‍ 71 റണ്‍സ് അടിച്ച സ്മൃതി മന്ദനയും ഇന്ത്യയ്ക്കായി മികച്ച ബാറ്റിംഗ് പുറത്തെടുത്തെങ്കിലും ദക്ഷിണാഫ്രിക്ക ഇന്ത്യ ഉയര്‍ത്തിയ സ്‌കോര്‍ മറികടന്നു. നേരത്തേ ഇംഗ്‌ളണ്ട് ജയിച്ചതിനാല്‍ ഇന്ത്യയ്ക്ക് ഈ മത്സരം ജയിക്കേണ്ടത് ഏറെ അനിവാര്യമായിരുന്നു. എന്നാല്‍ ഇന്ത്യന്‍ ബൗളര്‍മാരുടെ പ്രകടനം ടീമിന്റെ സ്‌കോര്‍ സംരക്ഷിക്കാന്‍ മതിയാകുമായിരുന്നല്ല.