ഇംഗ്ലണ്ട് സ്പിന്നര്‍ റെഹാന്‍ അഹമ്മദിനെ വിസയിലെ പ്രശ്നങ്ങളെ തുടര്‍ന്ന് ഗുജറാത്തിലെ ഹിരാസാര്‍ വിമാനത്താവളത്തില്‍ തടഞ്ഞു. രാജ്‌കോട്ടില്‍ നടക്കാനിരിക്കുന്ന ഇന്ത്യയ്‌ക്കെതിരായ മൂന്നാം ടെസ്റ്റില്‍ പങ്കെടുക്കാന്‍ ടീമിനൊപ്പം എത്തിയതായിരുന്നു താരം. എങ്കിലും താത്കാലിക വിസ അനുവദിച്ച് പ്രശ്നം പരിഹരിച്ചു.
വിശാഖപട്ടണത്ത് നടന്ന രണ്ടാം ടെസ്റ്റിനു ശേഷം ഇംഗ്ലണ്ട് താരങ്ങള്‍ പരിശീലനത്തിനായി യുഎഇയിലേക്ക് പോയിരുന്നു. തുടര്‍ന്ന് മൂന്നാം ടെസ്റ്റിനായി എത്തിയപ്പോഴാണ് വിസ പ്രശ്നം നേരിട്ടത്. സിംഗിള്‍ എന്‍ട്രി വിസയായിരുന്നു റെഹാന്റെ പക്കലുണ്ടായിരുന്നത്. എന്നാല്‍ സംഭവം ശ്രദ്ധയില്‍പ്പെട്ട വിമാനത്താവള അധികൃതര്‍ ഒടുവില്‍ താത്കാലിക വിസ നല്‍കുകയായിരുന്നു.
ചൊവ്വാഴ്ച രാജ്കോട്ടിലെ സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ ഇംഗ്ലണ്ടും ഇന്ത്യയും പരിശീലനം നടത്തി. പരമ്പര 1-1 ന് സമനിലയിലായതോടെ ഫെബ്രുവരി 15 ന് ആരംഭിക്കുന്ന മത്സരം ഏറെ വാശിയേറിയതാകും.
രാജ്കോട്ടില്‍ രണ്ട് പേസര്‍മാരെ കളിക്കാന്‍ സന്ദര്‍ശകര്‍ ആലോചിക്കുന്നതായാണ് വിവരം. അങ്ങനെ സംഭവിച്ചാല്‍ റെഹാന്‍ അഹമ്മദിന് പുറത്തിരിക്കേണ്ടി വരും. രണ്ടാം ടെസ്റ്റില്‍ തിളങ്ങിയ ജെയിംസ് ആന്‍ഡേഴ്‌സണ്‍ ഇലവനില്‍ സ്ഥാനം നിലനിര്‍ത്തും. മീഡിയം പേസര്‍ മാര്‍ക്ക് വുഡിനോടോ ഒല്ലി റോബിന്‍സനോ പ്ലെയിംഗ് ഇലവില്‍ ഇടംപിടിക്കും.
Read more
ചൊവ്വാഴ്ച രാജ്കോട്ടിലെ നെറ്റ്സില്‍ റോബിന്‍സണ്‍ നീണ്ട സ്പെല്ലുകള്‍ പന്തെറിയുന്നത് കണ്ടു. ജോ റൂട്ട് മൂന്നാം സ്പിന്നര്‍ക്കൊപ്പം ടോം ഹാര്‍ട്ട്ലി, ഷൊയ്ബ് ബഷീര്‍ എന്നിവരോടൊപ്പം ഇംഗ്ലണ്ട് കളത്തിലിറങ്ങാനാണ് സാധ്യത. കാല്‍മുട്ടിനേറ്റ പരുക്കിനെ തുടര്‍ന്ന് ജാക്ക് ലീച്ച് പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങളില്‍ നിന്ന് പുറത്തായിരുന്നു.