നാലാം മത്സരത്തിലും ഇംഗ്‌ളണ്ടിന് ജയിക്കാനായില്ല ; ആഷസ് പരമ്പര ഓസ്‌ട്രേലിയ തൂത്തുവാരി

രണ്ടാം ഇന്നിംഗ്‌സിലെ ഓസ്‌ട്രേലിയയുടെ ബാറ്റിംഗ് തകര്‍ച്ച മുതലാക്കാന്‍ ഇംഗ്‌ളണ്ടിന് കഴിഞ്ഞില്ല. രണ്ടാം ഇന്നിംഗ്‌സില്‍ വന്‍ തകര്‍ച്ച നേരിട്ട ഇംഗ്‌ളണ്ട് ആഷസ് പരമ്പര ഓസ്‌ട്രേലിയയ്ക്ക് അടിയറ വെച്ചു. അവസാന മത്സരത്തില്‍ 146 റണ്‍സിന്റെ തകര്‍പ്പന്‍ വിജയമാണ് ഓസ്‌ട്രേലിയ നേടിയത്.

ഇതോടെ ആഷസ് ഈ സീണിലെ പരമ്പര ഓസ്‌ട്രേലിയ 4-0 ന് നേടി. 124 റണ്‍സിന് ഇംഗ്‌ളണ്ട് രണ്ടാം ഇന്നിംഗ്‌സില്‍ പുറത്താകുകയായിരുന്നു. 34 റണ്‍സ് എടുത്ത സാക്ക ക്രൗളിയാണ് ടീമിലെ ടോപ്‌സ്‌കോറര്‍. റോറി ബേണ്‍സ് 26 റണ്‍സ് നേടി. ഡേവിഡ മലന്‍ 10 റണ്‍സും ജോ റൂട്ട് 11 റണ്‍സും നേടി.

ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ ഒന്നാം ഇന്നിംഗ്‌സില്‍ ട്രാവിസ് ഹെഡിന്റെ സെഞ്ച്വറിയുടെ പിന്‍ബലത്തില്‍ 303 റണ്‍സ് എടുത്തിരുന്നു. ഇംഗ്‌ളണ്ടിനെ ഒന്നാം ഇന്നിംഗ്‌സില്‍ 188 റണ്‍സിന് പുറത്താക്കുകയും ചെയ്തു. രണ്ടാം ഇന്നിംഗ്‌സില്‍ ഓസ്‌ട്രേലിയയെ 155 ന് പുറത്താക്കാനായെങ്കിലും ഇംഗ്‌ളണ്ടിന് കുറഞ്ഞ സ്‌കോറിന് പുറത്താകുകയും ചെയ്തു.