സംപ്രേഷണാവകാശം ഇന്ത്യന്‍ കമ്പനിക്ക്; ഇംഗ്ലണ്ട്- പാകിസ്ഥാന്‍ മത്സരം രാജ്യത്ത് കാണിക്കില്ലെന്ന് പാക് മന്ത്രി

പാകിസ്ഥാന്റെ ഇംഗ്ലണ്ട് പര്യടനത്തിലെ മത്സരങ്ങള്‍ രാജ്യത്ത് സംപ്രേഷണം ചെയ്യാന്‍ സാധിക്കില്ലെന്ന് പാക് ഇന്‍ഫോര്‍മേഷന്‍ മന്ത്രി ഫവാദ് ചൗധരി. ദക്ഷിണേഷ്യയിലെ സംപ്രേഷണാവകാശം ഇന്ത്യന്‍ കമ്പനികള്‍ക്ക് ആണെന്നതാണ് ഇതിന് കാരണമായി ചൗധരി പറയുന്നത്.

“ദക്ഷിണേഷ്യയില്‍ മത്സരങ്ങള്‍ സംപ്രേഷണം ചെയ്യാനുള്ള അവകാശം ഇന്ത്യന്‍ കമ്പനികള്‍ക്കാണ്. ഒരു ഇന്ത്യന്‍ കമ്പനിയായിട്ടും വാണിജ്യബന്ധത്തിന് ഞങ്ങളില്ല” ചൗധരി പറഞ്ഞു.

ഇംഗ്ലണ്ടില്‍ നടക്കുന്ന മത്സരങ്ങളുടെ സംപ്രേഷണാവകാശം സോണി പിക്‌ചേഴ്‌സ് നെറ്റ് വര്‍ക്ക് ഇന്ത്യക്കാണ്. ഇത്തരത്തില്‍ ആണെങ്കില്‍ ഇനി നടക്കാന്‍ പോകുന്ന ലോക കപ്പ് മത്സരങ്ങള്‍ ഉള്‍പ്പെടെയുള്ളവ ഭാവിയില്‍ പാകിസ്ഥാനില്‍ സംപ്രേഷണം ചെയ്യാന്‍ സാധിക്കുകയില്ല.

പാകിസ്ഥാന്‍ – ഇംഗ്ലണ്ട് ഏകദിന പരമ്പരയിലെ ആദ്യ മത്സരം ജൂലൈ 8ന് കാര്‍ഡിഫിലാണ് നടക്കുക. ജൂലൈ 16ന് നോട്ടിംഗ്ഹാമിലാണ് ട്വന്റി-20 പരമ്പര ആരംഭിക്കുക.