ദ്രാവിഡ് നല്‍കുന്ന ഉപദേശം കേള്‍ക്കണ്ടെന്ന് അച്ഛന്‍ പറഞ്ഞാല്‍?; ഗില്ലിന്റെ മാസ് മറുപടി

ഐ.സി.സിയുടെ പ്രഥമ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യക്കു വേണ്ടി രോഹിത് ശര്‍മയ്ക്കൊപ്പം ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യാനിറങ്ങുന്നതിന്റെ തയാറെടുപ്പിലാണ് യുവതാരം ശുഭ്മാന്‍ ഗില്‍. ഇന്ത്യന്‍ മുന്‍ താരം രാഹുല്‍ ദ്രാവിഡിന് കീഴില്‍ കളിച്ച് വളര്‍ന്ന താരം ഇന്ത്യയ്ക്ക് വേണ്ടി ഒരു പ്രധാന ടൂര്‍ണമെന്റില്‍ ഇറങ്ങാന്‍ പോവുകയാണ്. ഈ അവസരത്തില്‍ ഒരു അഭിമുഖത്തില്‍ താരത്തിന് നേരെ ഉയര്‍ന്ന് കുഴപ്പിക്കുന്ന ചോദ്യവും അതിന് താരം നല്‍കിയ മറുപടിയുമാണ് ഇപ്പോള്‍ ശ്രദ്ധ നേടിയിരിക്കുന്നത്.

ദ്രാവിഡ് നിങ്ങള്‍ക്കു ഒരു ഉപദേശം നല്‍കുകയും എന്നാല്‍ നിങ്ങളുടെ അച്ഛന്‍ അതു ചെയ്യേണ്ടതില്ലെന്നു പറയുകയും ചെയ്താല്‍ ആരുടെ ഉപദേശമായിരിക്കും സ്വീകരിക്കുകയെന്നായിരുന്നു ഗില്ലിനോടുള്ള ചോദ്യം. ഇത്തരം സാഹചര്യങ്ങളില്‍ തന്റെ മനസ്സ് പറയുന്നത് എന്താണെന്ന് താന്‍ ശ്രദ്ധിക്കുമെന്നാണ് ഗില്‍ മറുപടി നല്‍കിയത്.

“അതു ചെയ്യണോ, വേണ്ടയോ എന്നത് ഞാന്‍ തന്നെ തീരുമാനിക്കും, കാരണം കളിക്കളത്തില്‍ നിങ്ങള്‍ക്കു സ്വന്തം വിക്കറ്റ് നഷ്ടമാവുമ്പോള്‍ അത് മറ്റാരേക്കാളും നിങ്ങളെ തന്നെയായിരിക്കും കൂടുതല്‍ വിഷമിപ്പിക്കുന്നത്. രാഹുല്‍ സാര്‍ മറ്റുള്ള കോച്ചമാരില്‍ നിന്നും തീര്‍ത്തും വ്യത്യസ്തനാണ്. ടെക്നിക്കോ, കളിക്കുന്ന ശൈലിയോ മാറ്റണമെന്നു അദ്ദേഹം ഒരു താരത്തോടും ആവശ്യപ്പെടാറില്ല. പകരം ഒരു താരത്തെ മാനസികമായി കരുത്തനാക്കാനാണ് ശ്രമിക്കാറുള്ളത്.”

“ഗെയിമിനിനെ വിശകലം ചെയ്യാനും ബുദ്ധിമുട്ടേറിയ സാഹചര്യങ്ങളില്‍ നന്നായി കളിക്കാന്‍ ശ്രമിക്കണമെന്നുമാണ് അദ്ദേഹം പറയാറുള്ളത്. രാഹുല്‍ സാറിന്റെ ബാറ്റിങ് ടെക്നിക്ക് വളരെ ശക്തമായിരുന്നു. പക്ഷെ മറ്റൊരു ബാറ്റ്സ്മാനോടും അദ്ദേഹം സ്വന്തം ടെക്നിക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. മാനസികമായി ഒരു താരത്തെ എങ്ങനെ കൂടുതല്‍ കരുത്തനാക്കാന്‍ കഴിയുമെന്നതിലാണ് അദ്ദേഹം പ്രഥമ പരിഗണന നല്‍കുന്നത്” ഗില്‍ പറഞ്ഞു.