പന്തിനെ പിന്താങ്ങി നടന്ന് അവരെ കൈവിട്ട് കളയരുത്; തുറന്നുപറഞ്ഞ് നെഹ്റ

റിഷഭ് പന്തിന്റെ മോശം പ്രകടനത്തെ കുറിച്ച് വിമര്‍ശനമുയരുമ്പോള്‍ തന്റെ നിലപാട് വ്യക്തമാക്കി മുന്‍ താരം ആശിഷ് നെഹ്‌റ. പന്ത് ടി20 ലോക കപ്പ് ടീമില്‍ കളിക്കുമെന്നതില്‍ ഒരു ഉറപ്പുമില്ലെന്നും ഇനിയുമേറെ മത്സരങ്ങളും സമയവും മുന്നിലുണ്ടെന്നും നെഹ്‌റ പറഞ്ഞു. പന്തില്ലെങ്കില്‍ ആസ്ഥാനത്തേക്ക് ആരെയൊക്കെ പരിഗണിക്കാമെന്നും നെഹ്‌റ പറഞ്ഞു.

‘പന്തില്ലാതെ ടീം ഇന്ത്യക്ക് ടി20 കളിക്കാനാകുമോ? എന്തുകൊണ്ടില്ല. ടി20 ലോക കപ്പ് വളരെ അകലെയാണ്. പന്ത് ടി20 ലോക കപ്പ് കളിക്കുമെന്ന് ഒരു ഉറപ്പും പറയാനാവില്ല.’

‘അതിനിടയില്‍ ഒരുപാട് കളികളുണ്ട്, അവനും പരിക്കേല്‍ക്കാം. പത്ത് ടി20 മത്സരങ്ങളും തുടര്‍ന്ന് ഏഷ്യാ കപ്പും മുന്നിലുണ്ട്. പന്തിന് പകരം നിങ്ങള്‍ക്ക് സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍, ദിനേശ് കാര്‍ത്തിക് എന്നിവരുണ്ട് ‘ നെഹ്റ പറഞ്ഞു.

ദക്ഷിണാഫ്രിക്കയ്ക്കതിരെ ടി20 പരമ്പരയില്‍ റിഷഭ് പന്തിന്റെ നായകത്വത്തില്‍ ഇറങ്ങിയ ടീം ഇന്ത്യ 2-2നാണ് പരമ്പര അവസാനിപ്പിച്ചത്. അവസാന മത്സരം മഴ കാരണം ഉപേക്ഷിച്ചിരുന്നു. ആദ്യ നാല് കളികളില്‍ നിന്ന് 57 റണ്‍സ് മാത്രമാണ് പന്ത് നേടിയത്.

അതേസമയം പന്തിനെ പിന്തുണയ്ക്കുന്ന നിലപാടാണ് പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന്‍റേത്.  പന്ത് ടീമിന്റെ അവിഭാജ്യ ഘടകമാണെന്നും ടി 20 ഫോര്‍മാറ്റില്‍ തുടര്‍ന്നും അവന് ഇടമുണ്ടാകുമെന്നും ദ്രാവിഡ് പറഞ്ഞു.

‘അവന്‍ കുറച്ച് റണ്‍സ് കൂടി സ്‌കോര്‍ ചെയ്യാന്‍ വ്യക്തിപരമായി ആഗ്രഹിക്കുന്നുണ്ട്. പക്ഷേ അത് അവനെ കുറിച്ച് ഉയരുന്ന ആശങ്കയല്ല. അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ള ഞങ്ങളുടെ പദ്ധതികളുടെ പ്രധാന ഭാഗമാണ് അവന്‍. ഒരു പരമ്പര കൊണ്ട് അവന്റെ നായകമികവ് അളക്കാനാകില്ല’ ദ്രാവിഡ് പറഞ്ഞു.