കേരളത്തിനായി മികച്ച പ്രകടനം നടത്തിയിട്ടും ഐപിഎല്ലില്‍ കളിക്കാന്‍ അവസരം ലഭിച്ചില്ല; നിരാശ പരസ്യമാക്കി രോഹന്‍ കുന്നുമ്മല്‍

കേരളത്തിനായി മികച്ച പ്രകടനം നടത്തിയിട്ടും ഐപിഎല്ലില്‍ കളിക്കാന്‍ അവസരം ലഭിക്കാത്തതിലെ നിരാശ പങ്കുവെച്ച് മലയാളി ബാറ്റര്‍ രോഹന്‍ കുന്നുമ്മല്‍. ഐ.പി.എല്‍ ഒരു ഭാഗ്യമാണെന്നും അതില്‍ അവസരം കിട്ടുകയും കിട്ടാതിരിക്കുകയും ചെയ്യുന്നത് ക്രിക്കറ്റിന്റെ ഭാഗമാണെന്നും രോഹന്‍ മാതൃഭൂമിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ഐ.പി.എല്‍ ഒരു ഭാഗ്യമാണ്. ടീമിലിടം നേടുമോ പ്ലേയിങ് ഇലവനില്‍ സ്ഥാനം ലഭിക്കുമോ എന്നീ കാര്യങ്ങളൊന്നും പറയാനാകില്ല. അതൊന്നും നമ്മുടെ കൈയ്യിലല്ലല്ലോ. കഴിഞ്ഞ സീസണില്‍ കേരളത്തിനായി മികച്ച പ്രകടനം നടത്തിയിട്ടും ഐ.പി.എല്ലില്‍ കളിക്കാന്‍ അവസരം ലഭിക്കാത്തതില്‍ നിരാശയുണ്ട്. പക്ഷേ അതൊക്കെ ക്രിക്കറ്റിന്റെ ഭാഗമാണ്.

ഇറങ്ങുന്ന മത്സരങ്ങളില്‍ നന്നായി കളിച്ച് ടീമിന് വിജയം സമ്മാനിക്കുക എന്നത് മാത്രമാണ് എന്റെ ലക്ഷ്യം. കേരള ക്രിക്കറ്റ് ടീമിനായി ഇനിയുമൊരുപാട് മത്സരങ്ങളില്‍ കളിക്കണം. വിജയങ്ങള്‍ സ്വന്തമാക്കണം- രോഹന്‍ പറഞ്ഞു.

സഞ്ജു സാംസണ്‍ തനിക്ക് സഹോദരനെപ്പോലെയാണെന്നും അദ്ദേഹം തന്നെ ഒരുപാട് പിന്തുണച്ചെന്നും രോഹന്‍ പറഞ്ഞു. അദ്ദേഹം ഇപ്പോള്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ പര്യടനത്തിലാണെങ്കിലും ദേവ്ധര്‍ ട്രോഫി ഫൈനലിനുശേഷം അദ്ദേഹം തന്നെ അഭിനന്ദിച്ചിരുന്നെന്നും രോഹന്‍ വെലിപ്പെടുത്തി.