ഡക്കിന് പുറത്തായിട്ടും രോഹിത്തിന് 'സെഞ്ച്വറി' റെക്കോഡ്, മറ്റാര്‍ക്കും അവകാശപ്പെടാനില്ലാത്ത ചരിത്ര നേട്ടത്തില്‍ ഇന്ത്യന്‍‌ നായകന്‍!

അന്താരാഷ്ട്ര ടി20യില്‍ 100 ജയങ്ങളുടെ ഭാഗമാവുന്ന ആദ്യത്തെ താരമെന്ന ചരിത്ര നേട്ടം സ്വന്തമാക്കി ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മ. ഇന്നലെ മൊഹാലിയില്‍ നടന്ന അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ആറ് വിക്കറ്റിന് ജയിച്ചതോടെയാണ് ഈ ചരിത്ര നേട്ടത്തില്‍ രോഹിത് എത്തിയത്.

36 കാരനായ രോഹിത് 100-ാം ടി20 വിജയത്തിലെത്തുന്ന നാലാമത്തെ ക്രിക്കറ്റ് താരമാണ്. ഇംഗ്ലണ്ട് വനിത ക്രിക്കറ്റര്‍ ഡാനി വ്യാറ്റ് (111), ഓസ്ട്രേലിയന്‍ വനിതാ ക്രിക്കറ്റ് ജോഡികളായ അലിസ ഹീലി (100), എല്ലിസ് പെറി (100) എന്നിവരാണ് ഏറ്റവും കുറഞ്ഞ ഫോര്‍മാറ്റില്‍ 100 വിജയങ്ങളുടെ ഭാഗമായ മറ്റ് ക്രിക്കറ്റ് താരങ്ങള്‍.

100 ടി20 ജയങ്ങളെന്ന ചരിത്ര നേട്ടത്തിലേക്കെത്താന്‍ പുരുഷ ടീമില്‍ രോഹിത്തിന് മാത്രമാണ് നിലവില്‍ സാധിച്ചിരിക്കുന്നത്. രണ്ടാം സ്ഥാനത്ത് പാകിസ്ഥാന്റെ ഷുഐബ് മാലിക്കാണ്. 86 മത്സരത്തിലാണ് മാലിക് ജയിച്ചത്.

ഏറ്റവും കൂടുതല്‍ T20 വിജയങ്ങളുടെ ഭാഗമായ കളിക്കാര്‍:

111 – ഡാനി വ്യാറ്റ്
100 – അലീസ ഹീലി
100 – എല്ലിസ് പെറി
100* – രോഹിത് ശര്‍മ്മ
94 – മെഗ് ലാനിംഗ്
89 – സൂസി ബേറ്റ്‌സ്
86 – ഷോയിബ് മാലിക്

ടി20യില്‍ ജയിക്കുന്ന ഏറ്റവും പ്രായം കൂടിയ ഇന്ത്യന്‍ ക്യാപ്റ്റനും രോഹിത് ശര്‍മ്മയാണ്. ഇന്നലെ അഫ്ഗാനെതിരെ വിജയം നേടുമ്പോള്‍ രോഹിത്തിന്‍റെ പ്രായം 36 വര്‍ഷവും 256 ദിവസവും മാണ്.

അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ജയത്തോടെ തുടങ്ങിയിരിക്കുകയാണ് ഇന്ത്യ. സന്ദര്‍ശകരെ ആറു വിക്കറ്റിനാണ് രോഹിത്തും സംഘവും തോല്‍പ്പിച്ചുവിട്ടത്. എന്നാല്‍ മത്സരത്തിലെ രോഹിത്തിന്റെ റണ്ണൗട്ട് മത്സരത്തിലൊരു കല്ലുകടിയായി.

 ശുഭ്മാന്‍ ഗില്ലുമായുള്ള ആശയക്കുഴപ്പത്തെത്തുടര്‍ന്നാണ് രോഹിത് റണ്ണൗട്ടായി പൂജ്യത്തിന് പുറത്തായത്. വിക്കറ്റ് നഷ്ടമായതിന്റെ നിരാശയില്‍ ഗില്ലിനോട് ദേഷ്യപ്പെട്ടാണ് രോഹിത് കളം വിട്ടത്.