രോഹിത് എന്തിന് അത് ചെയ്‌തെന്ന് മനസിലാവുന്നില്ല; വിമര്‍ശിച്ച് വെട്ടോറി

ഐപിഎല്ലില്‍ തുടര്‍തോവികള്‍ക്ക് പിന്നാലെ ആരാധകര്‍ക്ക് തെല്ലാശ്വാസമായി രണ്ട് മത്സരങ്ങള്‍ അടുത്തടുത്ത് ജയിച്ചിരിക്കുകയാണ് മുംബൈ ഇന്ത്യന്‍സ്. ഇപ്പോഴിതാ മുന്‍ മത്സരങ്ങളിലെ നായകന്‍ രോഹിത് ശര്‍മ്മയുടെ ചില തീരുമാനങ്ങളെ വിമര്‍ശര്‍ച്ച് രംഗത്ത് വന്നിരിക്കുകയാണ് ന്യൂസിലാന്‍ഡ് മുന്‍ നായകന്‍ ഡാനിയേല്‍ വെട്ടോറി. ടിം ഡേവിഡിനെ മുന്‍ മത്സരങ്ങളില്‍ പുറത്തിരുത്തിയ രോഹിത്തിന്റെ തീരുമാനമാണ് വെട്ടോറിയെ ചൊടിപ്പിച്ചിരിക്കുന്നത്.

‘പ്ലെയിംഗ് ഇലവനില്‍ രണ്ടു വിദേശ താരങ്ങളുടെ ഒഴിവുണ്ടായിട്ടും എന്തുകൊണ്ടാണ് ഇത്രയും ക്ലാസായ ഒരു താരത്തെ മുംബൈ പുറത്തിരുത്തിയെന്നു മനസിലാവുന്നില്ല. എതിര്‍ ടീം ബോളിംഗ് നിരയില്‍ മുഹമ്മദ് ഷമിയുണ്ടായിരുന്നു, ലോക്കി ഫെര്‍ഗൂസനുണ്ടായിരുന്നു. പക്ഷെ വളരെ ഈസിയായിട്ടാണ് അദ്ദേഹം അവരെയെല്ലാം കൈകാര്യം ചെയ്തത്.’

‘ഉയരമുള്ള, കരുത്തനായ ഡേവിഡ് തന്റെ ശക്തിയും ശേഷിയുമെല്ലാം ക്രീസില്‍ പുറത്തെടുത്തു. മുംബൈ ടീം അല്‍പ്പം സമ്മര്‍ദ്ദത്തില്‍ നില്‍ക്കുമ്പോഴായിരുന്നു ഡേവിഡ് 21 ബോളില്‍ 44 റണ്‍സ് അടിച്ചെടുത്തത്.’ ഡേവിഡിന്റെ ഗുജറാത്തിനെതിരായ പ്രകടനത്തെ പ്രശംസിച്ച് വെട്ടോറി പറഞ്ഞു.

മെഗാ ലേലത്തില്‍ 8.25 കോടി മുടക്കി മുംബൈ ടീമിലേക്കു കൊണ്ടു വന്ന സിംഗപ്പൂരിന്റെ വെടിക്കെട്ട് ഓള്‍റൗണ്ടറാണ് ടിം ഡേവിഡ്. പക്ഷെ ആദ്യത്തെ എട്ടു മല്‍സരങ്ങളില്‍ രണ്ടെണ്ണത്തില്‍ മാത്രമേ ഡേവിഡിനെ മുംബൈ കളിപ്പിച്ചുള്ളൂ.