ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയുടെ രണ്ടാം ടെസ്റ്റില്‍ ഓസ്ട്രേലിയയ്ക്കെതിരായ 10 വിക്കറ്റിന്റെ ദയനീയ തോല്‍വിയെ തുടര്‍ന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയ്ക്ക് വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നു. തുടര്‍ച്ചയായ പരാജയത്തിന്റെ അനന്തരഫലങ്ങളെക്കുറിച്ച് മുന്‍ ക്രിക്കറ്റ് താരം മദന്‍ ലാല്‍ മുന്നറിയിപ്പ് നല്‍കി.
അഡ്‌ലെയ്ഡ് ഓവലിലെ തോല്‍വി, രോഹിതിന്റെ നായകത്വത്തിന് കീഴില്‍ ഇന്ത്യയുടെ തുടര്‍ച്ചയായ നാലാം തോല്‍വി രേഖപ്പെടുത്തി. രോഹിതിന്റെ പരാജയങ്ങള്‍ ക്യാപ്റ്റന്‍സിയില്‍ ഒതുങ്ങുന്നില്ല. അദ്ദേഹത്തിന്റെ ബാറ്റിംഗ് ഫോമും ആശങ്കയ്ക്ക് കാരണമാണ്. ബംഗ്ലാദേശിനും ന്യൂസിലന്‍ഡിനുമെതിരായ മോശം പ്രകടനത്തിനൊപ്പം അഡ്‌ലെയ്്ഡില്‍ രണ്ട് ഇന്നിംഗ്സുകളില്‍ നിന്നായി ഒമ്പത് റണ്‍സ് മാത്രമാണ് അദ്ദേഹത്തിന് നേടാനായത്.
രോഹിത്തിന്റെ മോശം പ്രകടനം അദ്ദേഹത്തിന്റെ റെക്കോര്‍ഡിനെ ബാധിക്കുക മാത്രമല്ല, ഒരു നേതാവെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ തീരുമാനത്തില്‍ പ്രതിഫലിപ്പിക്കുകയും ചെയ്യുന്നുണ്ടെന്ന് മദന്‍ ലാല്‍ ചൂണ്ടിക്കാട്ടി.
‘അവന്റെ ഫോമിനെക്കുറിച്ച് ചോദ്യങ്ങള്‍ ഉയരും. അദ്ദേഹത്തിന് ഒരുപാട് പരാജയങ്ങള്‍ ഉണ്ടായിട്ടുണ്ട്. അവന്‍ ഒരു മികച്ച കളിക്കാരനാണ്. പക്ഷേ നിങ്ങള്‍ റണ്‍സ് സ്‌കോര്‍ ചെയ്യണം,’ മദന്‍ ലാല്‍ പറഞ്ഞു.
‘ചിലപ്പോള്‍, നിങ്ങളുടെ ഫോം മികച്ചതല്ലെങ്കില്‍, അത് നിങ്ങളുടെ ക്യാപ്റ്റന്‍സിയിലും പ്രതിഫലിപ്പിക്കുന്നു. ഫോം ഒരു മത്സരം അകലെയാണ്, പക്ഷേ അയാള്‍ക്ക് റണ്‍സ് നേടേണ്ടതുണ്ട്. അവന്‍ ഏത് പൊസിഷനില്‍ കളിച്ചാലും അവന്റെ റണ്‍സ് പ്രധാനമാണ്, കാരണം അവന്‍ ഒരു ലോകോത്തര കളിക്കാരനാണ്. റണ്‍സ് നേടിയാല്‍ മാത്രമേ നിങ്ങള്‍ക്ക് വിമര്‍ശനങ്ങള്‍ നിര്‍ത്താനാകൂ,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.