ടി20 ലോക കപ്പ് ടീമില്‍ മാറ്റത്തിന് സാധ്യത; മൂന്ന് താരങ്ങള്‍ യുഎഇയില്‍ തുടരും

ട്വന്റി20 ലോക കപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ മാറ്റത്തിന്റെ സാധ്യത നല്‍കി ഐപിഎല്‍ കളിച്ച മൂന്ന് താരങ്ങളോട് യുഎഇയില്‍ തങ്ങാന്‍ നിര്‍ദേശിച്ചു. ഐപിഎല്ലിന്റെ രണ്ടാം ഘട്ടത്തിന് ആതിഥ്യമൊരുക്കിയ യുഎഇ തന്നെയാണ് ലോക കപ്പിനും വേദിയാകുന്നത്.

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ യുവ പേസര്‍ ഹര്‍ഷല്‍ പട്ടേല്‍, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഓപ്പണര്‍ വെങ്കടേഷ് അയ്യര്‍, കൊല്‍ക്കത്തയുടെ ഒരു ബോളര്‍ എന്നിവരെയാണ് യുഎഇയില്‍ തുടരാന്‍ നിര്‍ദേശിച്ചത്. ലോക കപ്പ് ടീമിലെ താരങ്ങളെ സഹായിക്കാന്‍ വേണ്ടിയാണ് ബിസിസിഐ ഇത്തരമൊരു തീരുമാനമെടുത്തതെന്ന് പറയപ്പെടുന്നു. എന്നാല്‍ അടിയന്തര സാഹചര്യങ്ങളില്‍ മൂന്ന് കളിക്കാരില്‍ ആരെങ്കിലും ടീമില്‍ ഇടം നേടിയാല്‍ അത്ഭുമാകില്ല.

ഓള്‍ റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയുടെ കായികക്ഷമത ഇപ്പോഴും ഇന്ത്യന്‍ ടീം മാനെജ്‌മെന്റിനെ ആശങ്കപ്പെടുത്തുന്നുണ്ട്. ഹാര്‍ദിക് ഫിറ്റ്‌നസ് വീണ്ടെടുത്തില്ലെങ്കില്‍ ഷാര്‍ദുല്‍ താക്കൂറിനോ ദീപക് ചഹറിനോ അവസരമൊരുങ്ങും. ലോക കപ്പ് ടീമില്‍ മാറ്റംവരുത്താന്‍ ഒക്ടോബര്‍ 15വരെ ഐ.സി.സി. സമയം അനുവദിച്ചിരുന്നു.