ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റന്‍സി സംബന്ധിച്ച ചര്‍ച്ചകള്‍ ക്രിക്കറ്റ് വൃത്തങ്ങള്‍ക്കിടിയില്‍ ഇപ്പോള്‍ സജീവമാണ്. ട്വന്റി20 ടീമിന്റെ നായക സ്ഥാനം വിരാട് കോഹ്ലി, രോഹിത് ശര്‍മ്മയ്ക്ക് കൈമാറിക്കഴിഞ്ഞു. ഏകദിന ടീമിന്റെ ക്യാപ്റ്റന്‍സിയും വിരാട് അധികം വൈകാതെ ഒഴിയുമെന്നാണ് റിപ്പോര്‍ട്ട്. ക്യാപ്റ്റന്‍സി സംസാര വിഷയമാകുമ്പോള്‍, വൈസ് ക്യാപ്റ്റന്‍ പദവി വേണ്ടെന്നു പറഞ്ഞതിനെ കുറിച്ച് വെളിപ്പെടുത്തുകയാണ് ഇന്ത്യയുടെ മുന്‍ ഓപ്പണര്‍ വീരേന്ദര്‍ സെവാഗ്.
എം.എസ്. ധോണിയെ ക്യാപ്റ്റനാക്കിയപ്പോള്‍ എന്നെ ഉപനായക പദവി ഏല്‍പ്പിച്ചു. വൈസ് ക്യാപ്റ്റന്റെ ചുമതല നല്കിയില്ലെങ്കിലും ഞാന്‍ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുമെന്ന് ബിസിസിഐയോടും സെലക്ടര്‍മാരോടും പറഞ്ഞു. ധോണിയുടെ പിന്‍ഗാമിയായി ഒരു യുവതാരത്തെ വളര്‍ത്തിയെടുക്കുന്നതാണ് നല്ലതെന്ന് ശുപാര്‍ശ ചെയ്തു. ആ യുവ താരമാണ് ഭാവി നായകനാകുന്നതെന്നും ഞാനല്ലെന്നും അറിയിച്ചു. എന്നാല്‍ എന്റെ വാക്കുകള്‍ ബോര്‍ഡും സെലക്ടര്‍മാരും ചെവിക്കൊണ്ടില്ല. കോഹ്ലിയും എനിക്കു സമാനമായി പറയുമ്പോള്‍ അതു നല്ല ലക്ഷണമാണ്- സെവാഗ് വ്യക്തമാക്കി.
സച്ചിന് ടെണ്ടുല്‍ക്കര്‍ വ്യത്യസ്ത നായകന്മാര്ക്ക് കീഴില്‍ കളിച്ചിട്ടുണ്ടെന്നും അതേ ദൗത്യം കോഹ്ലി നിര്‍വ്വഹിക്കണമെന്നും സെവാഗ് പറഞ്ഞു. ഇന്ത്യക്ക് പുതിയ ക്യാപ്റ്റനെയും വൈസ് ക്യാപ്റ്റനെയും ലഭിച്ചു. ടീമിനൊപ്പമുള്ളപ്പോള്‍ ശരിയാണെന്ന തോന്നുന്ന അഭിപ്രായങ്ങള്‍ കോഹ്ലിക്ക് കളിക്കിടെ ക്യാപ്റ്റനുമായും വൈസ് ക്യാപ്റ്റനുമായും പങ്കുവയ്ക്കാം. പല ക്യാപ്റ്റന്മാര്ക്കും കീഴില്‍ സച്ചിന് ചെയ്ത കാര്യമാണത്. എല്ലയ്പ്പോഴും സച്ചിന് തന്റെ ചിന്തകള്‍ ക്യാപ്റ്റനുമായി പങ്കിട്ടിരുന്നു. താനും രോഹിതും നായകന്മാരാണെന്നും ഒപ്പംനില്‍ക്കുന്ന കാലമത്രയും യുവ താരങ്ങളെ സഹായിക്കുമെന്നും കോഹ്ലി പറഞ്ഞത് വലിയ കാര്യമാകുന്നത് അതിനാലാണെന്നും വീരു കൂട്ടിച്ചേര്‍ത്തു.