ഓസീസ് സൂപ്പര്‍ താരത്തെ ക്വാറന്റൈന്‍ ചെയ്തു, ഞെട്ടി ക്രിക്കറ്റ് ലോകം

കോവിഡ് 19 വൈറസ് ലോകത്ത് ഭീകര താണ്ഡവമാടുന്നതിനിടയില്‍ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് പുതിയ വാര്‍ത്ത. കൊറോണ വൈറസ് ബാധയുണ്ടോയെന്ന സംശയത്തെ തുടര്‍ന്ന് ഓസ്‌ട്രേലിയന്‍ സൂപ്പര്‍ താരം കെയിന്‍ റിച്ചാര്‍ഡ്‌സണെ ക്വാറന്റൈന്‍ ചെയ്തു.

വ്യാഴാഴ്ച രാത്രിയാണ് തനിക്ക് സുഖമില്ലെന്ന് റിച്ചാര്‍ഡ്‌സണ്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയ മെഡിക്കല്‍ സംഘത്തെ അറിയിച്ചത്. ഉടന്‍ തന്നെ താരത്തെ ടീമംഗങ്ങളില്‍ നിന്നും മാറ്റിതാമസിപ്പിക്കുകയും കോവിഡ് 19 പരിശോധനയ്ക്ക് വിധേയനാക്കുകയായിരുന്നു. അതെസമയം ഇതിന്റെ പരിശോധനാഫലങ്ങള്‍ ലഭ്യമായിട്ടില്ല.

ഇതോടെ ന്യൂസിലാന്‍ഡിനെതിരെയുള്ള ഒന്നാം ഏകദിന മത്സരത്തിനുള്ള ഓസ്‌ട്രേലിയന്‍ ടീമില്‍ നിന്നും റിച്ചാഡ്‌സണെ മാറ്റി. പകരം പേസര്‍ സീന്‍ ആബട്ടിനെ ഓസീസ് ടീമിലേക്ക് വിളിച്ചിട്ടുണ്ട്.

തൊണ്ടവേദന കലശലായതാണ് റിച്ചാര്‍ഡ്‌സണ് കൊറോണ ബാധയേറ്റിട്ടുണ്ടോയെന്ന് സംശയമുണ്ടാകാന്‍ കാരണം. അതേ സമയം കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ഓസ്‌ട്രേലിയ ന്യൂസിലാന്‍ഡ് ഏകദിന പരമ്പര അടച്ചിട്ട സ്റ്റേഡിയത്തിലാണ് നടത്തുന്നത്. പരമ്പരയിലെ ഒന്നാം ഏകദിനം ഇപ്പോള്‍ നടന്ന് കൊണ്ടിരിക്കുകയാണ്.

ആദ്യം ബാറ്റ് ചെയ്യുന്ന ഓസ്‌ട്രേലിയ 28.4 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 145 റണ്‍സ് എടുത്തിട്ടുണ്ട്. അര്‍ദ്ധ സെഞ്ച്വറി നേടിയ ഡേവിഡ് വാര്‍ണറേയും (67), ആരോണ്‍ ഫിഞ്ചിനേയും (60) ആണ് ഓസ്‌ട്രേലിയക്ക് നഷ്ടമായത്.