ലിയോണ്‍ ശവമഞ്ചം ഒരുക്കി, പാകിസ്ഥാന് ഇന്നിംഗ്‌സ് തോല്‍വി

പാകിസ്ഥാനെതിരെ രണ്ടാം ടെസ്റ്റിലും ഇന്നിംഗ്‌സ് ജയം സ്വന്തമാക്കി ഓസ്‌ട്രേലിയ. ഇന്നിംഗ്‌സിനും 48 റണ്‍സിനും ആണ് രണ്ടാം ടെസ്റ്റില്‍ ഓസ്‌ട്രേലിയ പാകിസ്ഥാനെ തകര്‍ത്തത്. ഓസീസിന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ മൂന്നിന് 589 റണ്‍സ് മറികടക്കാന്‍ രണ്ടിന്നിംഗ്‌സിലും ബാറ്റേന്തിയിട്ടും പാകിസ്ഥാനായില്ല സ്‌കോര്‍: ഓസ്‌ട്രേലിയ: 589-3 പാകിസ്ഥാന്‍: 302, 239

ഇതോടെ രണ്ട് ടെസ്റ്റുകളടങ്ങിയ പരമ്പര ഓസ്‌ട്രേലിയ തൂത്തുവാരി. ട്രിപ്പിള്‍ സെഞ്ച്വറി നേടിയ ഡേവിഡ് വാര്‍ണറാണ് പരമ്പരയിലേയും കളിയിലേയും താരം.

ആദ്യ ഇന്നിംഗ്‌സില്‍ ഡേവിഡ് വാര്‍ണറുടെ ട്രിപ്പിള്‍ സെഞ്ച്വറിയുടേയും മാര്‍നസ് ലെബുഷെയ്‌ന്റെ സെഞ്ച്വറിയുടേയും മികവിലാണ് ഓസീസ് മികച്ച സ്‌കോര്‍ നേടിയത്. ആദ്യ ഇന്നിംഗ്‌സില്‍ പൊരുതി നിന്ന യാസിര്‍ ഷായുടേയും ബാബര്‍ അസമിന്റേയും മികവില്‍ 302 റണ്‍സിന് പുറത്തായ പാകിസ്ഥാന്‍ രണ്ടാം ഇന്നിംഗ്‌സില്‍ 239 റണ്‍സിന് ഓള്‍ഔട്ടായി.

അര്‍ദ്ധ സെഞ്ച്വറി നേടിയ ഷാന്‍ മസൂദിന്റേയും അസാദ് ഷെഫീഖിന്റേതുമടക്കം അഞ്ച് പാക് വിക്കറ്റുകള്‍ വീഴ്ത്തിയ നഥാന്‍ ലിയോണാണ് ഓസീസിന് ഗംഭീര വിജയം സമ്മാനിച്ചത്. ജോഷ് ഹെയ്‌സല്‍വുഡ് മൂന്നും മിച്ചല്‍ സ്റ്റാര്‍ക്ക് ഒന്നും വിക്കറ്റെടുത്തു. 68 റണ്‍സെടുത്ത മസൂദാണ് രണ്ടാമിന്നിംഗ്‌സില്‍ പാകിസ്ഥാന്റെ ടോപ് സ്‌കോറര്‍.

Read more

ഇതോടെ ലോകടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ആറ് പോയിന്റ് കൂടി സ്വന്തമാക്കി പോയിന്റ് നേട്ടം ഓസ്‌ട്രേലിയ 176 ആയി ഉയര്‍ത്തി. ഇന്ത്യയ്ക്ക് പിന്നില്‍ രണ്ടാം സ്ഥാനത്താണ് നിലവില്‍ ഓസ്‌ട്രേലിയ.