അത്ഭുത ക്യാച്ചില്‍ സെഞ്ച്വറി നഷ്ടം, വാഗ്നറിന് ഇരയായി വീണ്ടും സ്മിത്ത്

ന്യൂസിലന്‍ഡിനെതിരെ രണ്ടാം ടെസ്റ്റിലെ ആദ്യ ഇന്നിംഗ്‌സില്‍ ഓസ്‌ട്രേലിയക്ക് മികച്ച സ്‌കോര്‍. 467 റണ്‍സാണ് ഓസ്‌ട്രേലിയ ആദ്യ ഇന്നിംഗ്‌സില്‍ സ്വന്തമാക്കിയത്. സെഞ്ച്വറി നേടിയ ഹെഡും അര്‍ദ്ധ സെഞ്ച്വറി നേടിയ സ്മിത്തിന്റെയും പെയ്‌ന്റേയും മികവിലാണ് ഓസ്‌ട്രേലിയ മികച്ച സ്‌കോര്‍ കണ്ടെത്തിയത്.

77 റണ്‍സുമായി ക്രിസിലുണ്ടായിരുന്ന സ്റ്റീവ് സ്മിത്തിന് ഇന്ന് എട്ട് റണ്‍സ് കൂടിയെ കൂട്ടിച്ചേര്‍ക്കാനായുള്ളു. നീല്‍ വാഗ്നറുടെ ബൗണ്‍സറില്‍ ബാറ്റ് വെച്ച സ്മിത്തിനെ സ്ലിപ്പില്‍ ഹെന്റി നിക്കോള്‍സ് പറന്നുപിടിച്ചു. തുടര്‍ച്ചയായ മൂന്നാം തവണയാണ് സ്മിത്ത് വാഗ്നര്‍ക്ക് ഇരയാകുന്നത്. ആ ക്യാച്ച് കാണാം

എന്നാല്‍ ഓസീസിനെ പിടിച്ചു കെട്ടാമെന്ന് കിവീസ് സ്വപ്നങ്ങള്‍ അടിച്ചു പറത്തി ക്യാപ്റ്റന്‍ ടിം പെയ്‌നും(79), ഹെഡ്ഡുും ചേര്‍ന്ന് ആറാം വിക്കറ്റില്‍ 150 റണ്‍സ് കൂട്ടിച്ചേര്‍ത്ത് ഒരിക്കല്‍ കൂടി ഓസീസിനെ സുരക്ഷിത സ്‌കോറില്‍ എത്തിച്ചു. പെയ്‌നിനെ വാഗ്‌നറും സ്റ്റാര്‍ക്കിനെ സൗത്തിയും വീഴ്ത്തിയെങ്കിലും ഹെഡ്ഡ് പോരാട്ടം തുടര്‍ന്നു. ഹെഡ്ഡ് 234 പന്തില്‍ 12 ബൗണ്ടറി സഹിതം 114 റണ്‍സാണ് നേടിയത്.

കിവീസിനായ വാഗ്‌നര്‍ നാലും ടിം സൗത്തി മൂന്നും വിക്കറ്റ് വീഴ്ത്തി. കോളിന്‍ ഡി ഗ്രാന്‍ഡോഹോം രണ്ടും വിക്കറ്റെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ കിവീസ് ബാറ്റിംഗ് തകര്‍ച്ച നേരിടുകയാണ് 40 റണ്‍സെടുക്കുമ്പോഴേക്കും കിവീസിന് രണ്ട് വിക്കറ്റ് നഷ്ടമായി.