ഏഷ്യാ കപ്പിൽ പാകിസ്ഥാനെതിരായ മത്സരത്തിൽ ഇന്ത്യൻ ടീമിന്റെ സന്തുലിതാവസ്ഥയെക്കുറിച്ച് ആശങ്ക ഉന്നയിച്ച് ഇന്ത്യൻ മുൻ ഓപ്പണർ കൃഷ്ണമാചാരി ശ്രീകാന്ത്. യുഎഇക്കെതിരായ മത്സരത്തിൽ ഇന്ത്യ മൂന്ന് മുൻനിര ബോളർമാരെ മാത്രം ആശ്രയിച്ചതിനാൽ ആദ്യ മത്സരത്തിൽ എട്ട് ബാറ്റർമാരെ കളിപ്പിക്കാനുള്ള തീരുമാനത്തെ അദ്ദേഹം ചോദ്യം ചെയ്തു. ടി20യിൽ ഇന്ത്യയുടെ മുൻനിര വിക്കറ്റ് വേട്ടക്കാരനായ അർഷ്ദീപ് സിംഗിനെ ഒഴിവാക്കിയതിൽ ശ്രീകാന്ത് അത്ഭുതപ്പെട്ടു.
“ആരംഭ മത്സരത്തിൽ അർഷ്ദീപ് ഇലവന്റെ ഭാഗമാകേണ്ടതായിരുന്നു എന്ന് ഞാൻ നേരത്തെ പറഞ്ഞിരുന്നു. 20 ഓവർ കളിക്കാൻ ഇന്ത്യയ്ക്ക് എട്ട് ബാറ്റർമാരെ ആവശ്യമുണ്ടോ? പ്രത്യേകിച്ച് പാകിസ്ഥാനെതിരെ, ബാറ്റിംഗിൽ അത്രയും ആഴം ആവശ്യമുണ്ടോ? വാസ്തവത്തിൽ, നാലിൽ കൂടുതൽ ബാറ്റർമാർക്ക് ബാറ്റ് ചെയ്യാൻ പോലും അവസരം ലഭിച്ചേക്കില്ല.
തന്ത്രം വളരെയധികം സ്പിൻ കേന്ദ്രീകരിച്ചുള്ളതായി മാറിയിരിക്കുന്നു. മീഡിയം പേസർമാർക്ക് ഇടമില്ല എന്നതാണ് പ്രശ്നം. പാകിസ്ഥാൻ പോലും സമാനമായ സമീപനമാണ് സ്വീകരിച്ചത്, ഹാരിസ് റൗഫിനെ ഒഴിവാക്കി,” മുൻ താരം തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു. പവർപ്ലേയിൽ സ്ഥിരത പുലർത്തിയാൽ കളി മാറ്റാൻ കഴിയുമെന്ന് പറഞ്ഞുകൊണ്ട്, യുവതാരം അഭിഷേക് ശർമ്മയ പാകിസ്ഥാൻ ബോളർമാരെ ആക്രമിക്കാൻ ശ്രീകാന്ത് പിന്തുണച്ചു.
ഇന്ത്യയുടെ ആദ്യ മത്സരം ഏകപക്ഷീയമായിരുന്നു. യുഎഇ 57 റൺസിന് പുറത്തായി, അലിഷൻ ഷറഫു (22), ക്യാപ്റ്റൻ മുഹമ്മദ് വസീം (19) എന്നിവർ മാത്രമാണ് ചെറുത്തുനിൽപ്പ് നടത്തിയത്. മറുപടിയായി അഭിഷേക് ശർമ്മയും വൈസ് ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലും ബോളർമാരെ അനായാസം നേരിട്ടു. ചേസ് പൂർത്തിയാക്കാൻ ഇന്ത്യയ്ക്ക് 4.3 ഓവറുകൾ മാത്രമേ വേണ്ടിവന്നുള്ളൂ. അതേസമയം രണ്ടാം മത്സരത്തിൽ ഇന്ത്യ ഇന്ന് പാകിസ്ഥാനെ നേരിടും.







