'ഇന്ത്യ-ശ്രീലങ്ക മത്സരം ഒത്തുകളി, പാകിസ്ഥാനെ പുറത്താക്കാന്‍ ഇരുടീമും ഒത്തുതീര്‍പ്പുണ്ടാക്കി'; ആരോപണങ്ങളില്‍ പ്രതികരണവുമായി അക്തര്‍

ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറിലെ ഇന്ത്യ-ശ്രീലങ്ക മത്സരം ഒത്തുകളിയാണെന്ന് ആരോപിച്ച് തനിക്കു നിരവധി സന്ദേശങ്ങള്‍ ലഭിച്ചതായി പാകിസ്ഥാന്‍ ഇതിഹാസ പേസര്‍ ഷുഐബ് അക്തര്‍. ഇത്തരത്തിലുള്ള ആരോപണങ്ങല്‍ അംഗീകരിക്കാനാവില്ലെന്നും മികച്ചൊരു മത്സരത്തിനാണ് ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിച്ചതെന്നും തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയില്‍ അക്തര്‍ പറഞ്ഞു.

എനിക്ക് ഒരുപാട് സന്ദേശങ്ങളും മീമുകളും ലഭിക്കുന്നുണ്ട്. ഇന്ത്യ ബോധപൂര്‍വം തോല്‍ക്കാന്‍ നോക്കിയെന്നും പറഞ്ഞ് ഇന്ത്യയില്‍നിന്നും മറ്റു രാജ്യങ്ങളില്‍നിന്നും എന്നെ ആളുകള്‍ ഫോണില്‍ വിളിക്കുന്നുണ്ട്. പാകിസ്ഥാനെ പുറത്താക്കാന്‍ ഇന്ത്യ ബോധപൂര്‍വ്വം ശ്രമിച്ചെന്നാണോ നിങ്ങള്‍ പറഞ്ഞുവരുന്നത്.

ഇന്ത്യ എന്തിനാണു തോല്‍ക്കുന്നത്? ഫൈനല്‍ കളിക്കുകയെന്നതാണ് അവരുടെ ആവശ്യം. വെല്ലാലഗെയും അസലങ്കയും അത്രയും മികച്ച പന്തുകളാണ് എറിഞ്ഞത്. 20 വയസ്സുള്ള ആ പയ്യനെക്കണ്ടോ? വെല്ലാലഗെ 43 റണ്‍സും അഞ്ച് വിക്കറ്റുകളുമാണു സ്വന്തമാക്കിയത്.

ശ്രീലങ്കയ്‌ക്കെതിരെ വളരെ മികച്ച രീതിയിലാണ് ഇന്ത്യ തിരിച്ചടിച്ചത്. കുല്‍ദീപ് യാദവിന്റെ പ്രകടനം അതിഗംഭീരമെന്നു പറയേണ്ടിവരും. ചെറിയ സ്‌കോര്‍ പ്രതിരോധിക്കുന്നതിന് ഇന്ത്യ നടത്തിയ പോരാട്ടം നോക്കൂ. ശ്രീലങ്കയുടെ വെല്ലാലഗെ തന്നെക്കൊണ്ട് ആകുന്ന കാര്യങ്ങളെല്ലാം ചെയ്യുന്നു. ബാറ്റിംഗിനും ബോളിംഗിനും അദ്ദേഹമുണ്ട്. പാകിസ്ഥാന്‍ താരങ്ങളില്‍ ഞാന്‍ ഈ പോരാട്ടം കണ്ടിട്ടില്ല- അക്തര്‍ പറഞ്ഞു.