ചരിത്രത്തിലേക്ക് നടന്നുകയറി അശ്വിൻ, സ്വന്തമാക്കിയത് അതുല്യ റെക്കോഡ്; ഇത് മറികടക്കാൻ പലരും വിയർക്കും

തന്റെ പതിവ് ഫോമിന്റെ പരിസരത്ത് പോലും അല്ലെങ്കിലും രവിചന്ദ്രൻ അശ്വിൻ റെക്കോഡ് ഇടുന്ന കാര്യത്തിൽ ഇപ്പോഴും പിന്നിൽ അല്ല. സാധരണ ഇന്ത്യയിൽ ഒരു പരമ്പര വന്നാൽ ഒരു ഇന്നിങ്സിൽ നാലും അഞ്ചും വിക്കറ്റുകൾ നേടുന്ന അശ്വിൻ ഈ പരമ്പരയിൽ ആ താളത്തിൽ ആയിരുന്നില്ല. എന്തായാലും നാലാം ടെസ്റ്റിൽ ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിങ്സിലെ ആദ്യ രണ്ട് വിക്കറ്റുകൾ വീഴ്ത്തി അശ്വിൻ നടന്നുകയറിയത് ചരിത്രത്തിലേക്കാണ്. സ്വന്തമാക്കിയത് ആകട്ടെ രണ്ട് തകർപ്പൻ റെക്കോഡുകളും.

പതിവിൽ നിന്ന് വിപരീതമായി ഓപ്പണിങ് സ്പെൽ എറിയാൻ എത്തിയത് അശ്വിൻ ആയിരുന്നു. രണ്ടാം ഇന്നിഗ്‌സിൽ 46 റൺ ലീഡുമായി ഇറങ്ങിയ ഇംഗ്ലണ്ടിന് എത്രയും വേഗം ചുരുട്ടിക്കെട്ടേണ്ടത് അത്യാവശ്യം ആണെന്ന് അറിയാവുന്ന രോഹിത് അശ്വിനെ പന്തേൽപ്പിക്കുമ്പോൾ കാണിച്ച വിശ്വാസം താരം കാക്കുന്ന കാഴ്ചയാണ് കാണാൻ പറ്റിയത്. ഓപ്പണർ ബെൻ ഡക്കറ്റിനെ സർഫ്രാസിന്റെ കൈയിൽ എത്തിച്ച് തുടങ്ങിയ അശ്വിൻ തൊട്ടടുത്ത പന്തിൽ ഒലി പോപ്പിനെയും മടക്കിയതോടെ ഇംഗ്ലണ്ട് പ്രതിരോധത്തിലായി.

ടെസ്റ്റിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയ ബോളർ എന്ന നേട്ടമാണ് താരം സ്വന്തമാക്കിയത്. അനിൽ കുംബ്ലെ ആയിരുന്നു ഇന്ത്യയിൽ ഏറ്റവും കൂടുതൽ ടെസ്റ്റ് വിക്കറ്റുകൾ എടുത്ത ബോളർ. ആ നേട്ടമാണ് താരം മറികടന്നത്. 350 വിക്കറ്റുകൾ കുംബ്ലെ ഇന്ത്യൻ മണ്ണിൽ വീഴ്ത്തിയിരുന്നു. അതാണ് അശ്വിൻ മറികടന്നത്. കൂടാതെ സ്വന്തം മണ്ണിൽ രണ്ട് വ്യത്യസ്ത എതിരാളികൾക്ക് എതിരെ 100 ലധികം വിക്കറ്റ് വീഴ്‌ത്തുന്ന ബോളർ എന്ന നേട്ടവും താരം സ്വന്തമാക്കി. 22 ഇന്നിങ്സിൽ നിന്നായി ഓസ്‌ട്രേലിയക്ക് എതിരെ 114 വിക്കറ്റുജക് വീഴ്ത്തിയപ്പോൾ ഇംഗ്ലണ്ടിനെതിരെ 23 ഇന്നിങ്സിൽ നിന്ന് വീഴ്ത്തിയത് 102 വിക്കറ്റുകളാണ്‌.

രണ്ട് വിക്കറ്റുകൾ കൂടാതെ ഒരെണ്ണം കൂടി വീഴ്ത്തിയ അശ്വിന്റെ മികവിൽ രണ്ടാം ഇന്നിങ്സിൽ ഇംഗ്ലണ്ടിനെ 86 / 3 എന്ന നിലയിൽ ഒതുക്കാൻ ഇന്ത്യക്ക് സാധിച്ചിട്ടുണ്ട്. നിലവിൽ ഇംഗ്ലണ്ടിന് 132 റൺ ലീഡ് ഉണ്ട്.