ഇന്ത്യൻ പേസ് കുന്തമുനയായ ജസ്പ്രീത് ബുംറ പരിക്കിന്റെ ബുദ്ധിമുട്ടുകൾ കാരണം 2025 ചാമ്പ്യൻസ് ട്രോഫിയുടെ ഭാഗമല്ല. ഇന്ന് ബംഗ്ലാദേശിനെതിരായ മത്സരത്തോടെയാണ് ഇന്ത്യയുടെ ചാമ്പ്യൻസ് ട്രോഫി യാത്ര ആരംഭിക്കുന്നത്. ബംഗ്ലാദേശിനെതിരായ പോരാട്ടത്തിന് മുന്നോടിയായി, ബുംറയുടെ ഭാര്യയും സ്പോർട്സ് അവതാരകയും ആയ സഞ്ജന ഗണേശൻ, ബംഗ്ലാദേശ് ഓൾറൗണ്ടർ മെഹിദി ഹസൻ മിറാസുമായുള്ള ഒരു അഭിമുഖത്തിനിടെ താരത്തിന്റെ പരിക്കിനെക്കുറിച്ച് സംസാരിച്ചു.
ബംഗളൂരുവിലെ നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ (എൻസിഎ) ബുംറ പരിശീലനം ആരംഭിച്ചിട്ടുണ്ടെന്നും കാര്യങ്ങൾ എല്ലാം നന്നായി പോകുന്നു എന്നും പറഞ്ഞിരിക്കുകയാണ്.
“അവന് കുഴപ്പങ്ങൾ ഒന്നും ഇല്ല . അവൻ എൻസിഎയിൽ പരിശീലനത്തിലാണ്,” മെഹിദി ബുംറയെക്കുറിച്ച് ചോദിച്ചപ്പോൾ സഞ്ജന ഇങ്ങനെ പറഞ്ഞു.
ഓസ്‌ട്രേലിയയിൽ നടന്ന ബോർഡർ ഗവാസ്‌കർ ട്രോഫി (ബിജിടി) 2024-25 പരമ്പരയ്‌ക്കിടെയാണ് ജസ്പ്രീത് ബുംറയ്ക്ക് നടുവിന് പരിക്കുപറ്റിയത്. 2025ലെ ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യയുടെ പ്രാഥമിക ടീമിൽ ഇടം നേടിയ ശേഷമാണ് താരം പുറത്താക്കപ്പെട്ടത്.
അതേസമയം ചാമ്പ്യൻസ് ട്രോഫിയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് എതിരെ ടോസ് കിട്ടിയ ബംഗ്ലാദേശ് നായകൻ ബാറ്റിംഗ് തിരഞ്ഞെടുത്തു. കളി പുരോഗമിക്കുമ്പോൾ ബോളർമാർക്ക് പിന്തുണ കിട്ടുന്ന ട്രക്കാണ് ദുബായിൽ ഉള്ളത് എന്നാണ് മുൻകാല അനുഭവം. എന്നാൽ തങ്ങൾക്ക് ആണ് ടോസ് കിട്ടിയതെങ്കിൽ ബോളിങ് മാത്രമേ തിരഞ്ഞെടുക്കു എന്നാണ് രോഹിത് പറഞ്ഞത്. ചുരുക്കി പറഞ്ഞാൽ ഇരു നായകന്മാരും ആഗ്രഹിച്ച കാര്യം നടന്നു എന്ന് പറയാം. തങ്ങൾ അവസാനം കളിച്ച ഏകദിന മത്സരത്തിലെ ടീമിൽ നിന്ന് രണ്ട് മാറ്റങ്ങളാണ് ഇന്ത്യ നടത്തിയിരിക്കുന്നത്.
വരുൺ ചക്രവർത്തിക്കും അർശ്ദീപ് സിങ്ങിനും സ്ഥാനം നഷ്ടപ്പെട്ടപ്പോൾ രവീന്ദ്ര ജഡേജയും മുഹമ്മദ് ഷമിയും ടീമിലെത്തി.