ഇന്ത്യൻ പ്രീമിയർ ലീഗിലെ എല്ലാ ടീമുകളും ആ സൂപ്പർ ബോളർക്ക് വേണ്ടി ലേലത്തിൽ വിളി നടത്തും, ചെന്നൈ മാത്രം അദ്ദേഹത്തിനായി ശ്രമിക്കില്ല: അവരുടെ തന്ത്രങ്ങൾ ഇങ്ങനെ; വെളിപ്പെടുത്തലുമായി എബി ഡിവില്ലിയേഴ്‌സ്

ഐ‌പി‌എൽ 2024 ലേലത്തിൽ ചെന്നൈ സൂപ്പർ കിംഗ്‌സിന് (സി‌എസ്‌കെ) ഒരു പേസറെ ആവശ്യമാണെങ്കിലും ഓസ്‌ട്രേലിയയുടെ ടെസ്റ്റ്, ഏകദിന ക്യാപ്റ്റൻ പാറ്റ് കമ്മിൻസിനെ അവർ വാങ്ങില്ലെന്ന് മുൻ ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ എബി ഡിവില്ലിയേഴ്‌സ് പറഞ്ഞു. ഏകദിനത്തിലും ടെസ്റ്റ് ക്രിക്കറ്റിലും കമ്മിൻസ് സ്വാധീനം ചെലുത്തിയിട്ടുണ്ടെന്ന് ഡിവില്ലിയേഴ്സ് സമ്മതിക്കുന്നുണ്ടെങ്കിലും ടി20 ഫോർമാറ്റിൽ കമ്മിൻസ് ഒരു മാച്ച് വിന്നർ അല്ല എന്ന അഭിപ്രായവും അതോനോട് ചേർത്ത് തന്നെ താരം പറഞ്ഞു,

സിഎസ്‌കെയുടെ തന്ത്രത്തെക്കുറിച്ചും പാറ്റ് കമ്മിൻസെക്കുറിച്ചും എബി ഡിവില്ലിയേഴ്സ് അഭിപ്രായപ്പെട്ടു. “പാറ്റ് കമ്മിൻസ് ചെന്നൈ സൂപ്പർ കിംഗ്സിലേക്ക് പോകില്ല . ടി20 ക്രിക്കറ്റിൽ അത്ര മികച്ചത് അല്ലാത്തതിനാൽ അവർ അവനെ വാങ്ങില്ല. അമ്പത് ഓവർ ഫോർമാറ്റിലും ടെസ്റ്റ് മത്സരങ്ങളിലും അദ്ദേഹം മികച്ചവനാണ്, പക്ഷേ ടി20 ക്രിക്കറ്റല്ല അദ്ദേഹത്തിന്റെ ഏറ്റവും ശക്തമായ പോയിന്റ്.

അദ്ദേഹം തുടർന്നു: “സി‌എസ്‌കെക്ക് ഗുണനിലവാരമുള്ള സ്പിന്നർമാർ ഉണ്ട്, പക്ഷേ അവർക്ക് ഒരു ലോകോത്തര പേസറുടെ സേവനം ആവശ്യമാണ്. ടൂർണമെന്റിന്റെ നോക്കൗട്ട് ഘട്ടത്തിൽ എത്താൻ മിടുക്കുള്ള ടീമാണ് ചെന്നൈ . അവസാന ഘട്ടത്തിലേക്ക് എങ്ങനെ യോഗ്യത നേടണമെന്ന് അവർക്കറിയാം.

കൂടാതെ ചെന്നൈക്ക് ടീമിൽ ഒരു മിടുക്കനായ ബാറ്ററെ കൂടി വേണമെന്നും അദ്ദേഹം പറഞ്ഞു. അവർക്ക് നന്നായി സ്പിൻ കളിക്കാൻ കഴിയുന്ന താരങ്ങളെയാണ് ആവശ്യമെന്നും താരം പറഞ്ഞു. “സി‌എസ്‌കെക്ക് ടോപ്പ് ഓർഡറിൽ ഒരു ബാറ്ററെ കൂടി ആവശ്യമാണ്. ചെന്നൈയിൽ വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളിൽ റൺസ് സ്‌കോർ ചെയ്യാൻ കഴിയുന്ന കളിക്കാരെ അവർക്ക് ആവശ്യമുണ്ട്.