അവന്‍ മിസൈലാണ്, പിടിച്ചുകെട്ടാന്‍ ആരുമില്ല; യുവതാരത്തെ പുകഴ്ത്തി ചോപ്ര

ഐപിഎല്ലില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെതിരായ പൃഥ്വി ഷായുടെ ബാറ്റിംഗിനെ പുകഴ്ത്തി ഇന്ത്യന്‍ മുന്‍ താരം ആകാശ് ചോപ്ര. മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് തോറ്റെങ്കിലും പൃഥ്വി ഷാ മികച്ച പ്രകടനമായിരുന്നു കാഴ്ചവെച്ചത്. പൃഥ്വി ഷാ ശരിക്കുമൊരു മിസൈലാണെന്നും പിടിച്ചുകെട്ടുക ബുദ്ധിമുട്ടാണെന്നും ചോപ്ര പറഞ്ഞു.

‘ഇത് അദ്ദേഹത്തിന്റെ ദിനമാണെന്ന് ഞാന്‍ നേരത്തെ പറഞ്ഞിരുന്നു. എന്തൊരു ഗംഭീര ബാറ്റിംഗാണ് അദ്ദേഹം കാഴ്ച്ചവെച്ചത്. അവന്‍ ശരിക്കുമൊരു മിസൈലാണ്. ഇത്തരത്തില്‍ പൃഥ്വി ബാറ്റ് ചെയ്യുകയാണെങ്കില്‍ എല്ലാവര്‍ക്കും ആവശ്യമുള്ള അപകടകാരിയായ ഓപ്പണര്‍ താരമായിരിക്കും അവന്‍. ലഖ്നൗ ബൗളര്‍മാരില്‍ ഒരാള്‍ക്ക് പോലും പൃഥ്വിയെ പിടിച്ച് കെട്ടാനായില്ല’ ചോപ്ര പറഞ്ഞു.

മത്സരത്തില്‍ 34 പന്തില്‍ 61 റണ്‍സാണ് താരം അടിച്ചെടുത്തത്. 9 ബൗണ്ടറിയും രണ്ട് സിക്സറും അടങ്ങുന്നതായിരുന്നു പൃഥ്വി ഷായുടെ പ്രകടനം. 67 റണ്‍സ് ഓപ്പണിംഗ് കൂട്ടുകെട്ടില്‍ ഡേവിഡ് വാര്‍ണറുടേത് വെറും നാല് റണ്‍സായിരുന്നു.