ഫൈനലില്‍ ഗില്ലിനെ ഇറക്കിയത് ശരിയായ തീരുമാനം, ഇംഗ്ലണ്ടിനെതിരെയും രാഹുല്‍ പുറത്തിരിക്കട്ടെ

പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ യുവതാരം ശുഭ്മാന്‍ ഗില്ലിനെ രോഹിത് ശര്‍മ്മയ്‌ക്കൊപ്പം ഓപ്പണറായി ഇറക്കിയത് ശരിയായ തീരുമാനമായിരുന്നെന്ന് ആകാശ് ചോപ്ര. ഭാവി മുന്നില്‍ കണ്ടുകൊണ്ടാണ് ടീം തിരഞ്ഞെടുപ്പ് നടത്തേണ്ടതെന്നും ഇംഗ്ലണ്ടിനെതിരെയും ഗില്ലിനെ തന്നെ ഇറക്കണമെന്നും ചോപ്ര അഭിപ്രായപ്പെട്ടു.

“ശുഭ്മാന്‍ ഗില്‍ തീര്‍ച്ചയായും കളിക്കേണ്ടിയിരുന്നു. ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റിലും ഗില്ല് കളിക്കണം. രോഹിതും ഗില്ലും തമ്മിലുള്ള കൂട്ടുകെട്ടാണ് ശരിയായത്. ഭാവിയെ മുന്നില്‍ക്കണ്ടാണ് എപ്പോഴും ടീമിനെ പരിഗണിക്കുക അല്ലാതെ പിന്നോട്ട് നോക്കിയല്ല.”

“ഗില്ലും രോഹിതും തന്നെ ഇംഗ്ലണ്ടിനെതിരേയും ഓപ്പണറാവണം. രാഹുലിനെ കളിപ്പിക്കേണ്ടെന്നാണ് കരുതുന്നത്. ഓപ്പണറായി രാഹുലിനെ പരിഗണിക്കുന്നതിനേക്കാള്‍ മുമ്പ് മായങ്കിന് അവസരം നല്‍കേണ്ടതായുണ്ട്” ചോപ്ര പറഞ്ഞു.

ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ആദ്യ ഇന്നിംഗ്സില്‍ രോഹിത്-ഗില്‍ സഖ്യം അര്‍ദ്ധ സെഞ്ച്വറി കൂട്ടുകെട്ട് തീര്‍ത്തിരുന്നെങ്കിലും രണ്ടാം ഇന്നിംഗ്സില്‍ പരാജയപ്പെട്ടിരുന്നു. രോഹിത് ഏറെക്കുറെ മികച്ചു നിന്നപ്പോള്‍ ഗില്ലില്‍ നിന്ന് മികച്ച പ്രകടനം ഉണ്ടായില്ല. മികച്ച തുടക്കം വലിയ സ്‌കോറിലേക്ക് എത്തിക്കാനാകാത്തതാണ് താരത്തിന് തിരിച്ചടിയാകുന്നത്.