’26 ദിവസത്തെ നിരാഹാരത്തിന് ശേഷം ആത്മാർത്ഥത തെളിയിക്കേണ്ടതില്ല’; ‘രഹസ്യ ഡീൽ’ ആരോപണങ്ങൾ തള്ളി സോനം വാങ്ചുക്ക്
കേന്ദ്ര സർക്കാരുമായി രഹസ്യ ധാരണയിലെത്തിയാണ് താൻ സമരം അവസാനിപ്പിച്ചതെന്ന ആരോപണങ്ങൾ ശക്തമായി നിഷേധിച്ച് കാലാവസ്ഥാ പ്രവർത്തകനും വിദ്യാഭ്യാസ പരിഷ്കർത്താവുമായ സോനം വാങ്ചുക്ക്. 26 ദിവസം നീണ്ട നിരാഹാര സമരം കേന്ദ്ര മന്ത്രിമാരായ ജെ.പി. നദ്ദയുടെയും ജിതേന്ദ്ര സിങ്ങിന്റെയും സാന്നിധ്യത്തിൽ അവസാനിപ്പിച്ചതിന് പിന്നാലെയാണ് അദ്ദേഹത്തിനെതിരെ വിമർശനങ്ങൾ ഉയർന്നത്.
കോൺഗ്രസ് എം.പി ഇമ്രാൻ മസൂദ് ഉൾപ്പെടെയുള്ളവർ വാങ്ചുക്കിനെ ‘അണ്ണാ ഹസാരെ പാർട്ട് 2’ എന്ന് വിളിക്കുകയും, നീറ്റ് പരീക്ഷാ വിവാദത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെടാതെ സമരം അവസാനിപ്പിച്ചതിനെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ഇതിന് മറുപടിയായി പുറത്തിറക്കിയ 22 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിലൂടെയാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്.
തനിക്കെതിരെ നടക്കുന്നത് ആസൂത്രിതമായ അപവാദ പ്രചാരണമാണെന്ന് പറഞ്ഞ അദ്ദേഹം, 26 ദിവസം പട്ടിണി കിടന്ന താൻ ഇനിയും ആത്മാർത്ഥത തെളിയിക്കണമെന്നാണോ വിമർശകർ ചോദിക്കുന്നതെന്ന് വീഡിയോയിൽ ചോദിക്കുന്നു. രാഷ്ട്രീയ ലാഭമോ രഹസ്യ ധാരണയോ ആയിരുന്നു ലക്ഷ്യമെങ്കിൽ ഡൽഹിയിലെ കൊടും ചൂടിൽ ഇത്രയും നാൾ പട്ടിണി കിടക്കുകയോ, ആശുപത്രിയിൽ തടങ്കലിന് സമാനമായ അവസ്ഥ സഹിക്കുകയോ ചെയ്യില്ലായിരുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു.
സമരം അവസാനിപ്പിക്കാൻ ഇടയായ കാരണങ്ങളും വാങ്ചുക്ക് വീഡിയോയിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്:
വിദ്യാർത്ഥികളുടെ സുരക്ഷ: ജന്തർമന്തറിൽ സമരം ചെയ്യുന്ന വിദ്യാർത്ഥികൾക്ക് നേരെ വലിയ രീതിയിലുള്ള പോലീസ് നടപടിയും ലാത്തിച്ചാർജ്ജും ഉണ്ടാകാൻ സാധ്യതയുണ്ടായിരുന്നു. വിദ്യാർത്ഥികളുടെ ജീവനും സുരക്ഷയ്ക്കുമായിരുന്നു തന്റെ പ്രഥമ പരിഗണനയെന്ന് അദ്ദേഹം വ്യക്തമാക്കി.
രേഖാമൂലമുള്ള ഉറപ്പ്: സമാധാനപരമായി സമരം ചെയ്ത വിദ്യാർത്ഥികൾക്കെതിരെ എഫ്.ഐ.ആർ ഉൾപ്പെടെയുള്ള നിയമനടപടികൾ സ്വീകരിക്കില്ലെന്ന് കേന്ദ്ര സർക്കാരിൽ നിന്ന് രേഖാമൂലം ഉറപ്പ് ലഭിച്ചതിന് ശേഷമാണ് നിരാഹാരം അവസാനിപ്പിക്കാൻ തയ്യാറായത്. നീറ്റ് വിവാദവും നഷ്ടപരിഹാരവും: പരീക്ഷാ സമ്പ്രദായത്തിലെ പാളിച്ചകളെക്കുറിച്ച് പാർലമെന്റിൽ വിശദമായ ചർച്ച നടത്താമെന്നും, നീറ്റ് വിവാദത്തിൽ ജീവനൊടുക്കിയ വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകുന്ന കാര്യം അനുഭാവപൂർവ്വം പരിഗണിക്കാമെന്നും സർക്കാർ ഉറപ്പുനൽകിയതായി അദ്ദേഹം പറഞ്ഞു.
മന്ത്രിയുടെ രാജി: വിദ്യാഭ്യാസ മന്ത്രിയുടെ രാജിയേക്കാൾ ഉപരി, സമരരംഗത്തുള്ള വിദ്യാർത്ഥികളെ നിയമപരമായും ശാരീരികമായും സംരക്ഷിക്കുക എന്നതിനായിരുന്നു മുൻഗണന നൽകിയത്. മന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രക്ഷോഭങ്ങളുമായി വിദ്യാർത്ഥികൾക്ക് ഇനിയും സ്വതന്ത്രമായി മുന്നോട്ട് പോകാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബ്രിക്സ് ഉച്ചകോടിക്ക് ഷി ജിന്പിങ് ഇന്ത്യയിലെത്തും; ഔദ്യോഗികമായി സ്ഥിരീകരിച്ച് ചൈന
തുടർച്ചയായി ട്രാഫിക് നിയമങ്ങൾ ലംഘിച്ചാൽ ലൈസൻസും ആർസിയും സസ്പെൻഡ് ചെയ്യും: നിതിൻ ഗഡ്കരി