വിദ്യാർത്ഥികളുടെ ഭാവിക്കായി ജന്തർ മന്തറിൽ ഉയരുന്ന പ്രതിഷേധം; ‘സോനം വാങ്ചുക്കും CJPയുടെ സമരവും’
Author: ആൻ മരിയ കെ ജോസ്
ഇന്ത്യയിൽ ഓരോ വർഷവും ലക്ഷക്കണക്കിന് വിദ്യാർത്ഥികൾ സ്വപ്നങ്ങളും പ്രതീക്ഷകളുമായി മത്സര പരീക്ഷകളെ നേരിടുന്നുണ്ട്. വർഷങ്ങളോളം ഉറക്കമൊഴിഞ്ഞ് പഠിക്കുന്ന അവരുടെ ജീവിതം പലപ്പോഴും ഏതാനും മണിക്കൂർ നീളുന്ന ഒരു പരീക്ഷയെ ആശ്രയിച്ചിരിക്കും. എന്നാൽ പരീക്ഷാ ചോർച്ചകളും ക്രമക്കേടുകളും ആവർത്തിക്കുമ്പോൾ നഷ്ടമാകുന്നത് ഒരു പരീക്ഷ മാത്രമല്ല, രാജ്യത്തിന്റെ വിദ്യാഭ്യാസ സംവിധാനത്തിലുള്ള വിശ്വാസം കൂടിയാണ്.
ഈ സാഹചര്യത്തിലാണ് ഡൽഹിയിലെ ജന്തർ മന്തറിൽ യുവജന സംഘടനയായ Cockroach Janata Party (CJP) ജന്തർമന്ദിറിൽ സമരം ആരംഭിച്ചത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്നതാണ് അവരുടെ പ്രധാന ആവശ്യം. പരീക്ഷാ സംവിധാനത്തിൽ തുടർച്ചയായി ഉണ്ടായ വീഴ്ചകൾക്ക് ധാർമ്മികവും ഭരണപരവുമായ ഉത്തരവാദിത്തം മന്ത്രി ഏറ്റെടുക്കണമെന്നാണ് അവരുടെ നിലപാട്. എന്നാൽ ഈ സമരത്തിന് ദേശീയ ശ്രദ്ധ ലഭിച്ചത് വിദ്യാഭ്യാസ പ്രവർത്തകനും പരിസ്ഥിതി സംരക്ഷണ പ്രവർത്തകനുമായ സോനം വാങ്ചുക്ക് സമരത്തിൽ പങ്കുചേർന്നതോടെയാണ്.
ലഡാക്കിന്റെ ശബ്ദമായി രാജ്യത്തിന് സുപരിചിതനായ സോനം വാങ്ചുക്ക് ഇത്തവണ വിദ്യാർത്ഥികളുടെ ശബ്ദമായാണ് ജന്തർ മന്തറിൽ എത്തിയത്. സോനം വാങ്ചുക്കിന്റെ സന്ദേശം വ്യക്തമാണ്. ‘വിദ്യാർത്ഥികളുടെ ഭാവി രാഷ്ട്രീയത്തിനപ്പുറമുള്ള വിഷയമാണ്’ എന്നാണ് അദ്ദേഹം പറയുന്നത്. സർക്കാരിനെ വിമർശിക്കുന്നത് ജനാധിപത്യത്തിന്റെ ഭാഗമാണ്. അതുപോലെ, സർക്കാരിന് സ്വന്തം നിലപാട് വിശദീകരിക്കാനുള്ള അവകാശവുമുണ്ട്. എന്നാൽ പരീക്ഷാ ക്രമക്കേടുകൾ ആവർത്തിക്കുമ്പോൾ ജനങ്ങൾ ഉയർത്തുന്ന ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടിയും ഫലപ്രദമായ പരിഹാരവും ഉണ്ടാകേണ്ടത് അത്യാവശ്യമാണ്.
ഒരു രാജ്യത്തിന്റെ പുരോഗതി അതിന്റെ വിദ്യാഭ്യാസ സംവിധാനത്തിന്റെ വിശ്വാസ്യതയിൽ നിലനിൽക്കുന്നതാണ്. പരീക്ഷ എഴുതുന്ന ഓരോ വിദ്യാർത്ഥിക്കും തന്റെ അധ്വാനം വെറുതെയാകില്ല എന്ന ഉറപ്പ് നൽകാൻ സർക്കാരിനും സംവിധാനങ്ങൾക്കും ബാധ്യതയുണ്ട്. ആ വിശ്വാസം തകരുമ്പോൾ നഷ്ടമാകുന്നത് വ്യക്തികളുടെ ഭാവി മാത്രമല്ല, രാജ്യത്തിന്റെ ഭാവിയും കൂടിയാണ്. അതുകൊണ്ട് ജന്തർ മന്തറിൽ നടക്കുന്ന ഈ സമരത്തെ ഒരു രാഷ്ട്രീയ പ്രതിഷേധമായി മാത്രം കാണാനാവില്ല. വിദ്യാഭ്യാസ രംഗത്ത് സുതാര്യത, ഉത്തരവാദിത്തം, വിശ്വാസ്യത എന്നിവ ആവശ്യപ്പെടുന്ന ഒരു ജനാധിപത്യ ആഹ്വാനമായാണ് അതിനെ കാണേണ്ടത്. വിദ്യാർത്ഥികളുടെ ഭാവി സംരക്ഷിക്കപ്പെടുന്ന ഒരു സംവിധാനമാണ് ശക്തമായ ഇന്ത്യയുടെ അടിത്തറ. ആ അടിത്തറ ഉറപ്പുള്ളതാക്കാൻ ഭരണകൂടവും സമൂഹവും ഒരുപോലെ ഉത്തരവാദികളാണ്.
ഫാൽക്കൺ 9 റോക്കറ്റിന്റെ ഇടിച്ചിറക്കൽ ഉയർത്തുന്ന ‘സ്പേസ് റൈറ്റ്സ്’ ചോദ്യങ്ങൾ; ചന്ദ്രനെയും മാലിന്യക്കൂമ്പാരമാക്കുകയാണോ മനുഷ്യൻ?
12.25% വരെ യഥാർത്ഥ ആദായവുമായി ICL FINCORPന്റെ പുതിയ എൻ.സി.ഡി ഇഷ്യു ആഗസ്റ്റ് 10-ന് ആരംഭിക്കുന്നു