‘സ്കൂളുകൾക്ക് കെട്ടിടമില്ല, ശുചിമുറിയില്ല, കുടിവെള്ളമില്ല’; യാഥാർഥ്യം പുറത്തുകൊണ്ടുവരാൻ ശ്രമിച്ചാൽ ആക്രമണം, രാജസ്ഥാനിൽ ഇതാണോ ‘വികസനം’? സിജെപിയുടെ ഞെട്ടിക്കുന്ന കണ്ടെത്തലുകൾ
സ്കൂൾ വിദ്യാഭ്യാസ മേഖലയിലെ രാജസ്ഥാന്റെ ദുരവസ്ഥ തുറന്നുകാട്ടി സർക്കാർ രേഖകൾ. സിജെപി നടത്തിയ പരിശോധനയ്ക്ക് പിന്നാലെയാണ് സംസ്ഥാനത്തെ അടിസ്ഥാന സൗകര്യങ്ങളുടെ ഞെട്ടിക്കുന്ന കണക്കുകൾ പുറത്തുവന്നത്. സംസ്ഥാനത്തെ 611 സ്കൂളുകൾക്ക് സ്വന്തമായി കെട്ടിടമില്ല. താൽക്കാലിക സംവിധാനങ്ങളിലാണ് ഇവ പ്രവർത്തിക്കുന്നത്. ഇതിൽ പത്ത് സ്കൂളുകൾ പെൺകുട്ടികൾക്കായുള്ളവയാണ്.
വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അടിസ്ഥാന സൗകര്യങ്ങളുടെ സ്ഥിതി ഇതിലും ഗുരുതരമാണ്. 2,047 സ്കൂളുകളിൽ ശുചിമുറി സൗകര്യമില്ല, 1,049 സ്കൂളുകളിൽ കുടിവെള്ള സംവിധാനവുമില്ലെന്നാണ് സർക്കാർ കണക്കുകൾ. തലസ്ഥാനമായ ജയ്പൂരിൽ മാത്രം 38 സ്കൂളുകൾക്ക് സ്വന്തമായി കെട്ടിടമില്ല. ചില സ്കൂളുകൾ താൽക്കാലിക കെട്ടിടങ്ങളിലും കാലിത്തൊഴുത്തുകളിലും വരെ പ്രവർത്തിക്കുന്നുവെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.
ഇതിനിടെ, ജയ്പൂരിന് സമീപം ബഗ്രുവിലെ സർക്കാർ സ്കൂളിൽ പരിശോധന നടത്താൻ പോയ സിജെപി പ്രവർത്തകർക്ക് നേരെ ആക്രമണമുണ്ടായതും വിവാദമായി. സിജെപി സഹകൺവീനർ അശുതോഷ് റങ്കയുടെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമിക്കപ്പെട്ടത്. ആക്രമണത്തിന് പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് സിജെപി ആരോപിച്ചു. ആക്രമണത്തിൽ സംഘത്തിന്റെ വാഹനത്തിന്റെ ജനൽച്ചില്ലുകൾ തകർന്നതായും റിപ്പോർട്ടുണ്ട്.
‘എന്താണ് രാജസ്ഥാനിൽ നടക്കുന്നത്? ബിജെപിയുടെ ഗുണ്ടകൾ സിജെപി പ്രവർത്തകരെ ലക്ഷ്യമിട്ടു. പൊലീസ് എന്തിനിത് അനുവദിച്ചു?’ എന്നായിരുന്നു ആക്രമണത്തിന്റെ ചിത്രം പങ്കുവച്ച് അഭിജീത് ദിപ്കെയുടെ എക്സ് പോസ്റ്റ്. ഒരു വശത്ത് സ്കൂളുകൾക്ക് കെട്ടിടവും ശുചിമുറിയും കുടിവെള്ളവും ഇല്ലാത്ത ദുരവസ്ഥ; മറുവശത്ത് ഈ യാഥാർഥ്യം പുറത്തുകൊണ്ടുവരാൻ ശ്രമിക്കുന്നവർക്കെതിരായ ആക്രമണവും. രാജസ്ഥാനിലെ വിദ്യാഭ്യാസ സംവിധാനത്തെക്കുറിച്ച് സർക്കാർ അടിയന്തരമായി മറുപടി പറയണമെന്ന ആവശ്യം ശക്തമാകുകയാണ്.
ബ്രിക്സ് ഉച്ചകോടിക്ക് ഷി ജിന്പിങ് ഇന്ത്യയിലെത്തും; ഔദ്യോഗികമായി സ്ഥിരീകരിച്ച് ചൈന
തുടർച്ചയായി ട്രാഫിക് നിയമങ്ങൾ ലംഘിച്ചാൽ ലൈസൻസും ആർസിയും സസ്പെൻഡ് ചെയ്യും: നിതിൻ ഗഡ്കരി