സത്യനികേതൻ ദുരന്തം: 50 വർഷം പഴക്കമുള്ള കെട്ടിടങ്ങൾ ഇനി സുരക്ഷാ പരിശോധനയിൽ
ഡൽഹി സത്യനികേതനിൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തിൽ ഡൽഹിയിലെ പഴയ കെട്ടിടങ്ങളിൽ സുരക്ഷാ ഓഡിറ്റ് നടത്താൻ കേന്ദ്ര സർക്കാർ. 50 വർഷത്തിലേറെ പഴക്കമുള്ള ഡൽഹി ഡെവലപ്‌മെന്റ് അതോറിറ്റിയുടെ കീഴിലുള്ള കെട്ടിടങ്ങളിലാണ് സുരക്ഷാ പരിശോധന നടത്തുക. കേന്ദ്ര നഗരകാര്യ-ഭവന മന്ത്രി മനോഹർ ലാൽ ഖട്ടർ ഇക്കാര്യം വ്യക്തമാക്കി.
അതേസമയം, സത്യനികേതൻ അപകടത്തിൽ കർശന നടപടിക്കൊരുങ്ങുകയാണ് ഡൽഹി സർക്കാർ. കൂടുതൽ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യാനുള്ള നീക്കത്തിലാണ് സർക്കാർ. കഴിഞ്ഞ ദിവസം അഞ്ച് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിരുന്നു. കസ്റ്റഡിയിലുള്ള കെട്ടിട ഉടമയും കേസിലെ പ്രതിയുമായ ഹരിറാമിനെ പൊലീസ് കൂടുതൽ ചോദ്യം ചെയ്യും.
അനുമതിയില്ലാത്ത കെട്ടിടം പ്രവർത്തിക്കാൻ ചില മുൻസിപ്പൽ ഉദ്യോഗസ്ഥർ ഇടനിലക്കാരായി പ്രവർത്തിച്ചെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. അപകടത്തിൽ മരിച്ചവർക്കും പരിക്കേറ്റവർക്കും അടിയന്തര നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ട് വിദ്യാർത്ഥി സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തി. നിലവിൽ പ്രവർത്തിക്കുന്ന എല്ലാ പി.ജി കെട്ടിടങ്ങളിലും സമഗ്ര സുരക്ഷാ ഓഡിറ്റ് നടത്തണമെന്നും സംഘടനകൾ ആവശ്യപ്പെട്ടു.
അപകടത്തിൽ ഇതുവരെ ഏഴ് മരണമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 26 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനം എൻഡിആർഎഫ് ഇന്നലെ അവസാനിപ്പിച്ചു. രക്ഷാപ്രവർത്തനത്തിനിടെ 12 പേരെയാണ് കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് പുറത്തെടുത്തത്. അതേസമയം, ഡൽഹി സർവകലാശാലയിൽ അടിയന്തരമായി ഹോസ്റ്റൽ സൗകര്യം ഒരുക്കണമെന്നാവശ്യപ്പെട്ട് അധ്യാപക-വിദ്യാർത്ഥി സംഘടനകൾ ഇന്ന് സർവകലാശാലയ്ക്ക് മുന്നിൽ സംയുക്ത പ്രതിഷേധം നടത്തും.
ബ്രിക്സ് ഉച്ചകോടിക്ക് ഷി ജിന്പിങ് ഇന്ത്യയിലെത്തും; ഔദ്യോഗികമായി സ്ഥിരീകരിച്ച് ചൈന
തുടർച്ചയായി ട്രാഫിക് നിയമങ്ങൾ ലംഘിച്ചാൽ ലൈസൻസും ആർസിയും സസ്പെൻഡ് ചെയ്യും: നിതിൻ ഗഡ്കരി