പള്ളികളിലെ പ്രാര്‍ത്ഥനാസമയത്ത് ഉച്ചത്തില്‍ പാട്ട് വെച്ചാല്‍ ആയിരം റിയാല്‍ പിഴ; സൗദി അറേബ്യ

പള്ളികളില്‍ ബാങ്ക് വിളിക്കുമ്പോള്‍ പുറത്ത് ഉച്ചത്തില്‍ പാട്ടു വെയ്ക്കുന്നത് ശിക്ഷാര്‍ഹമാണെന്ന് സൗദി അറേബ്യ. പള്ളികളിലെ പ്രാര്‍ത്ഥനാസമയത്ത് പുറത്ത് എവിടെയെങ്കിലും ഉച്ചത്തില്‍ പാട്ട് വെച്ചാല്‍ 1,000 റിയാല്‍ പിഴ ഈടാക്കുമെന്ന് ഓകാസ് ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു.

ഒരുവട്ടം പിഴ ചുമത്തിയതിന് ശേഷം വീണ്ടും കുറ്റം ആവര്‍ത്തിക്കുകയാണ് എങ്കില്‍ അപ്പോള്‍ പിഴ 2,000 റിയാലായി വര്‍ധിക്കുമെന്നും അധികൃതര്‍ പറയുന്നു. വീടുകളില്‍ ഉച്ചത്തില്‍ പാട്ട് വെക്കുന്നവര്‍ക്കും കാറിനുള്ളില്‍ ഉച്ചത്തില്‍ പാട്ടുവെയ്ക്കുന്നവര്‍ക്കും പിഴ നല്‍കേണ്ടി വരും. താമസ സ്ഥലങ്ങളില്‍ ഉറക്കെ പാട്ടു വെക്കുന്നതില്‍ അയല്‍വാസികള്‍ പരാതി നല്‍കിയാല്‍ 500 റിയാലാണ് പിഴയായി ഈടാക്കുക.

പള്ളികളിലും സര്‍ക്കാര്‍ ഓഫീസുകളിലും ഷോര്‍ട്‌സ് ധരിച്ചെത്തിയാല്‍ പിഴ ഈടാക്കുമെന്ന് സര്‍ക്കാര്‍ നേരത്തെ അറിയിച്ചിരുന്നു. 250 റിയാല്‍ മുതല്‍ 500 റിയാല്‍ വരെയാണ് പിഴ ചുമത്തുക