ഖത്തറില്‍ ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് നിരീക്ഷിക്കാൻ ഒരുങ്ങി തൊഴില്‍ മന്ത്രാലയം

ഖത്തറിലേക്ക് വിദേശത്ത് നിന്നും ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന ഏജന്‍സികളുടെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കാന്‍ നടപടികളുമായി തൊഴില്‍ മന്ത്രാലയം. പ്രൊബേഷന്‍ കാലയളവ് ഒമ്പത് മാസമായി നീട്ടുക, തൊഴിലുടമകളുടെയും തൊഴിലാളികളുടെയും മാന്‍പവര്‍ ഏജന്‍സികളുടെയും അവകാശങ്ങള്‍ സംരക്ഷിക്കുക, റിക്രൂട്ട്‌മെന്റ് നിയമനിര്‍ദ്ദേശങ്ങള്‍ പാലിക്കപ്പെടുന്നുണ്ട് എന്ന് ഉറപ്പുവരുത്തുക, റിക്രൂട്ട്‌മെന്റ് ചാര്‍ജ് കുറയ്ക്കുക, എന്നിവയാണ് മന്ത്രാലയത്തിന്റെ ലക്ഷ്യങ്ങള്‍.

റിക്രൂട്ടമെന്റ് ഏജന്‍സികളില്‍ നിയമ നടപടികള്‍ കൃത്യമായി പാലിക്കുന്നുണ്ടോ എന്നറിയാന്‍ തൊഴില്‍ മന്ത്രാലയം അടുത്തിടെ പരിശോധന ശക്തമാക്കിയിരുന്നു. ഇതേ തുടര്‍ന്ന് 11 ഏജന്‍സികളില്‍ നിയമലംഘനം നടക്കുന്നതായി കണ്ടെത്തി. അവ അടച്ച് പൂട്ടുകയും ചെയ്തു. ഒരു കമ്പനിയുടെ ലൈസന്‍സ് റദ്ദാക്കുന്നതിനും ഉത്തരവിട്ടിരുന്നു.

ഒരു മാന്‍പവര്‍ കമ്പനി ക്ലീനിങ്, ഹോസ്പിറ്റാലിറ്റി എന്നിങ്ങനെ അനധികൃത പ്രവൃത്തികള്‍ നടത്തിയതായും കണ്ടെത്തിയിരുന്നു. ഇക്കാര്യം തൊഴില്‍ മന്ത്രാലയം സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്ത് വിടുകയും ചെയ്തിരുന്നു. മുന്നറിയിപ്പില്ലാതെ ഇത്തരം പരിശോധനകള്‍ വരും മാസങ്ങളിലും തുടരുമെന്ന് റിക്രൂട്ട്‌മെന്റ് വിഭാഗം മേധാവി നാസര്‍ അല്‍ മന്നാഇ അറിയിച്ചു.

Read more

കമ്പനികളുടെ ലൈസന്‍സ് കാലാവധി, വാണിജ്യ രജിസ്‌ട്രേഷന്‍, മുനിസിപ്പാലിറ്റി അനുമതി, കമ്പ്യൂട്ടര്‍ കാര്‍ഡ്, ഗാര്‍ഹിക തൊഴിലാളികളുടെ താമസകേന്ദ്രങ്ങള്‍, ജീവിത നിലവാരം, ആരോഗ്യം, സുരക്ഷിതത്വം എന്നീ കാര്യങ്ങളും പരിശോധിക്കും എന്നും അദ്ദേഹം പറഞ്ഞു. ഏജന്‍സികള്‍ക്ക് ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുക എന്ന ചുമതല മാത്രമാണ് ഉള്ളത്. എന്നാല്‍ നിരവധി കമ്പനികള്‍ നിയമം ലംഘിച്ച് മറ്റു പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്ന് കണ്ടെത്തിയെന്നും നാസര്‍ അല്‍ മന്നാഇ പറഞ്ഞു. ഒരു ചാനല്‍ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.