ഖത്തറില്‍ ഇന്ന് മുതല്‍ പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങാം

കോവിഡ് വ്യാപനം കുറഞ്ഞതിനെ തുടര്‍ന്ന് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി ഖത്തര്‍. ഇന്ന് മുതല്‍ പൊതു സ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കാതെ പുറത്തിങ്ങാം. ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്. കോവിഡ് വ്യാപനത്തില്‍ കുറവുണ്ടെങ്കിലും മറ്റ് നിയന്ത്രണങ്ങള്‍ തുടരും.

പൊതു സ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങാന്‍ നിബന്ധനകളോടെയാണ് അനുമതി നല്‍കിയിരിക്കുന്നത്. ആള്‍ക്കൂട്ടം ഉണ്ടാകാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം എന്നാണ് നിര്‍ദ്ദേശം. സ്‌കൂളുകള്‍, സര്‍വകലാശാലകള്‍, പള്ളികള്‍, മാര്‍ക്കറ്റുകള്‍,  ആശുപത്രി പരിസരങ്ങള്‍, എന്നിങ്ങനെയുള്ള അടഞ്ഞ് (ഇന്‍ഡോര്‍) കിടക്കുന്ന സ്ഥലങ്ങളിലും മാസ്‌ക് നിര്‍ബന്ധമാക്കിയിട്ടുണ്ട്.

വ്യാപാര സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ അടക്കം പൊതുജനങ്ങളുമായി ഇടപെടലുകള്‍ നടത്തുന്ന ജീവനക്കാരും മാസ്‌ക് ധരിക്കേണ്ടതുണ്ട്. സര്‍ക്കാര്‍-സ്വകാര്യ മേഖലകളിലെ ജീവനക്കാരുടെ പ്രവര്‍ത്തനം ഇപ്പോളത്തത് പോലെ തന്നെ തുടരും. ജീവനക്കാരുടെ യോഗങ്ങളില്‍ 30 പേര്‍ മാത്രമേ പങ്കെടുക്കാവൂ. നാല് പേര്ല്‍ കൂടുതല്‍ വാഹനങ്ങളില്‍ യാത്ര ചെയ്യരുത് എന്ന നിബന്ധനയ്ക്കും മാറ്റമില്ല. ഡിസംബറില്‍ ഒമൈക്രോണ്‍ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇവിടെ നിയന്ത്രണങ്ങള്‍ ശക്തമാക്കിയിരുന്നു.