ഖത്തറില്‍ സ്‌കൂള്‍ ബസിനുള്ളില്‍ മലയാളി വിദ്യാര്‍ത്ഥിനി മരിച്ച സംഭവം: സ്‌കൂള്‍ അടയ്ക്കാന്‍ ഉത്തരവ്

ഖത്തറില്‍ സ്‌കൂള്‍ ബസിനുള്ളില്‍ മലയാളി വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തില്‍ സ്‌കൂള്‍ അടയ്ക്കാന്‍ ഉത്തരവ്. അല്‍ വക്രയിലെ സ്പ്രിങ്ഫീല്‍ഡ് കിന്‍ഡര്‍ ഗാര്‍ഡന്‍ ആണ് വിദ്യാഭ്യാസ മന്ത്രാലയം അടപ്പിച്ചത്. വീഴ്ചവരുത്തിയ സ്‌കൂള്‍ ബസ് ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

വിദ്യാഭ്യാസ മന്ത്രാലയം നടത്തിയ അന്വേഷണത്തില്‍ സ്‌കൂള്‍ ജീവനക്കാര്‍ക്ക് വീഴ്ച ഉണ്ടായതായി തെളിഞ്ഞതിനെ തുടര്‍ന്നാണ് നടപടി. സ്‌കൂള്‍ ബസിലിരുന്ന് കുട്ടി ഉറങ്ങിയത് അറിയാതെ ബസ് പൂട്ടി ജീവനക്കാര്‍ പോയതാണ് ദുരന്തത്തിന് ഇടയാക്കിയത്.

മരിച്ച കോട്ടയം ചിങ്ങവനം സ്വദേശി മിന്‍സ മറിയം ജേക്കബിന്റെ മൃതദേഹം ഇന്നു രാവിലെ കൊച്ചി വിമാനത്താവളത്തില്‍ എത്തിക്കും. രണ്ടു ദിവസം നീണ്ട പരിശോധനകള്‍ക്ക് ശേഷം ഇന്നലെ വൈകിട്ടാണ് മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകിട്ടിയത്. കേസില്‍ ഇതുവരെ മൂന്നുപേരെ കസ്റ്റഡിയിലെടുത്തെന്നാണ് സൂചന.