കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിച്ച് ഖത്തര്‍

കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തില്‍ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിച്ച് ഖത്തര്‍. കുട്ടികള്‍ക്കും വാക്സിനെടുക്കാത്തവര്‍ക്കും മാളുകളില്‍ പ്രവേശിക്കാമെന്നും സ്‌കൂളുകള്‍ ജനുവരി 30 മുതല്‍ വീണ്ടും തുറക്കുമെന്നും അധികൃതര്‍ അറിയിച്ചു.

12 വയസിന് താഴെയുള്ള കുട്ടികള്‍ക്കും വാക്സിനെടുക്കാത്തവര്‍ക്കും മാളുകളിലും മ്യൂസിയം, പബ്ലിക് ലൈബ്രറി എന്നിവിടങ്ങളിലും പ്രവേശിക്കാം. പള്ളികളില്‍ 12 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് പ്രവേശിക്കാനും അനുമതി നല്‍കി. ശനിയാഴ്ച മുതലാണ് ഇളവുകള്‍ പ്രാബല്യത്തില്‍ വരുന്നത്.

സ്‌കൂളുകളില്‍ നിലവില്‍ ഓണ്‍ലൈന്‍ ക്ലാസുകളാണ് നടക്കുന്നത്. ഇത് വീണ്ടും ഓഫ്ലൈനാകും. അതേസമയം മാസ്‌ക് ധരിക്കല്‍, സാമൂഹ്യ അകലം പാലിക്കല്‍ തുടങ്ങിയ നിയന്ത്രണങ്ങള്‍ തുടരും.

ഖത്തറില്‍ ഒരാഴ്ചയായി കോവിഡ് കേസുകള്‍ കുറയുന്ന സാഹചര്യത്തിലാണ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയത്. ഇന്ന് 1952 പേര്‍ക്കാണ് ഖത്തറില്‍ കോവിഡ് സ്ഥിരീകരിച്ചത്.