നൂറ് അക്കാദമിക് സര്‍ട്ടിഫിക്കറ്റുകള്‍ക്ക് തുല്യതാ സർട്ടിഫിക്കറ്റ്​ നൽകും; ബഹറൈന്‍

അക്കാദമിക് സര്‍ട്ടിഫിക്കറ്റുകള്‍ക്ക് തുല്യതാ സര്‍ട്ടിഫിക്കറ്റ് നല്‍കാനൊരുങ്ങി ബഹറൈന്‍. 100 അക്കാദമിക് സര്‍ട്ടിഫിക്കറ്റുകള്‍ക്കാണ് തുല്യതാ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്. വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള നാഷണല്‍ കമ്മിറ്റി ഫോര്‍ അക്കാദമിക് ക്വാളിഫിക്കേഷന്‍ സമിതിയാണ് ഇക്കാര്യം തീരുമാനിച്ചത്.

ഡിപ്ലോമ, ഡിഗ്രി, പി.ജി, ഡോക്ടറേറ്റ് എന്നീ മേഖലകളിലാണ് തുല്യതാ സര്‍ട്ടിഫിക്കറ്റ് അംഗീകരിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. 12 വിദ്യാഭ്യാസ യോഗ്യതയുടെ നിബന്ധനകള്‍ പൂര്‍ത്തീകരിക്കാത്തതിനാല്‍ ഇതിന് തുല്യത നല്‍കാനുള്ള കാര്യം തീരുമാനിച്ചിട്ടില്ല. വിശദമായ പഠനങ്ങള്‍ക്ക് ശേഷം ഇത് സംബന്ധിച്ച് തീരുമാനം എടുക്കുമെന്ന് സമിതി അറിയിച്ചു.

തുല്യതാ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നത് സംബന്ധിച്ച് സ്‌കൂള്‍ അഫയേഴ്‌സ് ഡയറക്ടര്‍ ഡോ. മുഹമ്മദ് മുബാറക് ബിന്‍ അഹ്‌മദിന്റെ നേതൃത്വത്തില്‍ നാഷണല്‍ കമ്മിറ്റി ഫോര്‍ അക്കാദമിക് ക്വാളിഫിക്കേഷന്‍ സമിതി യോഗം ചേരുകയും ചര്‍ച്ചകള്‍ നടത്തുകയും ചെയ്തിരുന്നു. യോഗത്തെ തുടര്‍ന്നാണ് സര്‍ട്ടിഫിക്കറ്റുകള്‍ അംഗീകരിക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ തീരുമാനിച്ചത്.