Friday, 11 September 2026
‘Honest storytelling is a powerful means of change
07:43:25 PM IST
Kerala

​പാലത്തായി പോക്സോ കേസ്: ബിജെപി നേതാവിന് കുരുക്കഴിച്ച് യുഡിഎഫ് സർക്കാർ; അപ്പീൽ നൽകാതെ ഒത്തുകളി പൂർണ്ണം

ന്യൂസ് ഡെസ്ക് 31 August 2026, 1:43 pm
SHARE

പാലത്തായിൽ പത്തുവയസുകാരിയായ വിദ്യാർഥിനിയെ ക്രൂരമായി പീഡിപ്പിച്ച കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ബിജെപി നേതാവിന് ഹൈക്കോടതിയിൽ നിന്ന് ജാമ്യം ലഭിച്ചതിന് പിന്നിൽ യുഡിഎഫ്-ബിജെപി രാഷ്ട്രീയ ഒത്തുകളിയെന്ന് വ്യക്തമാകുന്നു. കുറ്റക്കാരനാണെന്ന് കണ്ടെത്തി വിചാരണ കോടതി നൽകിയ ശിക്ഷ മരവിപ്പിച്ച ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ നൽകാൻ യുഡിഎഫ് സർക്കാർ തയ്യാറാകാത്തതാണ് പ്രതിക്ക് തുണയായത്. ഒരു പിഞ്ചുകുഞ്ഞിനോട് ചെയ്ത ക്രൂരതയ്ക്ക് ലഭിച്ച ശിക്ഷയിൽ നിന്ന് ബിജെപി നേതാവിനെ രക്ഷിക്കാൻ സർക്കാർ സംവിധാനങ്ങൾ തന്നെ വഴിയൊരുക്കിയെന്ന ഗുരുതരമായ ആരോപണമാണ് ഇപ്പോൾ ഉയരുന്നത്.


​പ്രതിയായ അധ്യാപകൻ കെ. പത്മരാജന് ജാമ്യം ലഭിക്കുന്നതിനായി പ്രോസിക്യൂഷൻ മനഃപൂർവ്വം വീഴ്ചകൾ വരുത്തിയെന്നാണ് പ്രധാന വിമർശനം. ഇരയായ പെൺകുട്ടി വിചാരണ കോടതിക്ക് നൽകിയ നൂറിലേറെ പേജുള്ള മൊഴിയടക്കമുള്ള നിർണായക തെളിവുകൾ ഹൈക്കോടതിയിൽ എത്തിക്കുന്നതിലും വിശദീകരിക്കുന്നതിലും പ്രോസിക്യൂഷൻ ദയനീയമായി പരാജയപ്പെട്ടു. പ്രതിയുടെ ജാമ്യഹർജി ഫലപ്രദമായി എതിർക്കുന്നതിന് പകരം, പ്രതിഭാഗത്തിന് അനുകൂലമായ മൗനമാണ് സർക്കാർ അഭിഭാഷകർ കോടതിയിൽ സ്വീകരിച്ചത്. ജാമ്യഹർജി അസാധാരണമാംവിധം വേഗത്തിൽ കോടതിയുടെ പരിഗണനയിൽ കൊണ്ടുവന്നതിലും ഈ ഒത്തുകളിയുടെ പങ്കുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.


​കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്താണ് ഈ കേസിൽ പഴുതടച്ച അന്വേഷണം നടത്തി കൃത്യമായ തെളിവുകൾ ഹാജരാക്കി പ്രതിക്ക് ജീവിതാവസാനം വരെയുള്ള തടവുശിക്ഷ ഉറപ്പാക്കിയത്. പോക്സോ കേസുകളിൽ മാതൃകാപരമായ വിധിയായിരുന്നു അത്. എന്നാൽ സംസ്ഥാനത്ത് ഭരണമാറ്റം ഉണ്ടായി യുഡിഎഫ് അധികാരത്തിൽ വന്നതോടെ കേസിൻ്റെ ഗതി മാറിമറിഞ്ഞു. ആർഎസ്എസ്-ബിജെപി നേതൃത്വത്തെ പ്രീതിപ്പെടുത്താനായി യുഡിഎഫ് സർക്കാർ കേസ് അട്ടിമറിക്കുകയായിരുന്നുവെന്നാണ് ദേശാഭിമാനി ഉൾപ്പെടെയുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
​പോക്സോ പോലൊരു ഗുരുതരമായ കേസിൽ, ജീവപര്യന്തം ശിക്ഷിക്കപ്പെട്ട പ്രതിക്ക് ജാമ്യം ലഭിച്ചിട്ടും അതിനെതിരെ മേൽക്കോടതിയെ സമീപിക്കാൻ ആഭ്യന്തര വകുപ്പോ സർക്കാരോ തയ്യാറാകാത്തത് വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. നിയമത്തിന്റെ പഴുതുകൾ ഉപയോഗിച്ച് പ്രതിയെ പുറത്തിറക്കാൻ സർക്കാരും ബിജെപി നേതൃത്വവും തമ്മിൽ നടത്തിയ രഹസ്യ ഇടപാടുകളുടെ ഫലമാണ് ഈ ജാമ്യമെന്ന് രാഷ്ട്രീയ നിരീക്ഷകരും കുറ്റപ്പെടുത്തുന്നു. കുറ്റവാളികൾക്ക് അർഹമായ ശിക്ഷ ഉറപ്പാക്കേണ്ട സർക്കാർ തന്നെ അവർക്ക് രക്ഷപ്പെടാനുള്ള പഴുതുകൾ ഒരുക്കിക്കൊടുക്കുന്നത് നീതിന്യായ വ്യവസ്ഥയോടുള്ള കടുത്ത വെല്ലുവിളിയാണെന്ന വിമർശനവും ശക്തമാണ്. സർക്കാരിന്റെ ഈ അനാസ്ഥയ്‌ക്കെതിരെ വരും ദിവസങ്ങളിൽ ശക്തമായ ജനകീയ പ്രതിഷേധം ഉയരാൻ സാധ്യതയുണ്ട്.

Read More
s
ന്യൂസ് ഡെസ്ക്
View all posts →