Sunday, 13 September 2026
‘Honest storytelling is a powerful means of change
10:14:28 AM IST
Kerala

‘തിരിച്ചടിക്ക് കാരണം സംഘടനാ ദൗർബല്യം’; പാർട്ടി അംഗങ്ങളുടെ നിലവാരത്തിലും സിപിഐഎം വിമർശനം

ന്യൂസ് ഡെസ്ക് 13 September 2026, 9:12 am
SHARE

സംഘടന ശക്തിപ്പെടുത്താതെ തിരഞ്ഞെടുപ്പ് തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിയിൽ അവതരിപ്പിക്കേണ്ട മാർഗരേഖയിൽ. എതിരാളികളുടെ പ്രചാരണങ്ങളെ ഫലപ്രദമായി നേരിടാൻ കഴിയാത്തതിന് കാരണം സംഘടനയിലെ ദൗർബല്യങ്ങളാണെന്നും പാർട്ടി അംഗങ്ങളുടെ നിലവാരം താഴ്ന്നുപോയെന്നും മാർഗരേഖയിൽ ചൂണ്ടിക്കാട്ടുന്നു. അതേസമയം, വിപുലീകൃത സംസ്ഥാന സമിതിയിലെ ചർച്ചാ വിവരങ്ങൾ ചോർന്നാൽ കർശന നടപടി സ്വീകരിക്കാനും പാർട്ടി തീരുമാനിച്ചിട്ടുണ്ട്.

എൽഡിഎഫ് സർക്കാർ താരതമ്യേന മെച്ചപ്പെട്ട പ്രവർത്തനം നടത്തിയിട്ടും പാർട്ടി നേരിട്ട തിരിച്ചടി സംഘടനയിലെ ദൗർബല്യങ്ങളാണ് വ്യക്തമാക്കുന്നതെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. പാർട്ടി അംഗങ്ങൾക്ക് സംഘടനാ കാര്യങ്ങളിലും പ്രത്യയശാസ്ത്ര വിഷയങ്ങളിലും കൃത്യമായ പരിശീലനവും വിദ്യാഭ്യാസവും നൽകണമെന്നും മാർഗരേഖ നിർദേശിക്കുന്നു. ജില്ലാ പ്രതിനിധികൾ മാത്രം പങ്കെടുക്കുന്ന യോഗമായതിനാൽ ചർച്ചയിലെ വിവരങ്ങൾ പുറത്താകാതിരിക്കാൻ ജില്ലാ നേതൃത്വങ്ങൾക്ക് കർശന നിർദേശവും നൽകിയിട്ടുണ്ട്.

കൂടുതൽ യുവാക്കളെ പാർട്ടിയിലേക്ക് ആകർഷിക്കുന്നതിനുള്ള നടപടികൾ ആസൂത്രണം ചെയ്ത് നടപ്പാക്കുന്നതും യോഗത്തിൽ ചർച്ചയാകും. യുവാക്കളെ ബാലസംഘം, എസ്എഫ്ഐ തുടങ്ങിയ സംഘടനകളിലൂടെ പാർട്ടിയുമായി കൂടുതൽ അടുപ്പിക്കാനാണ് നീക്കം. പാർട്ടിയിലേക്ക് പുതുതായി എത്തുന്നവരിൽ പലരും സ്ഥാനങ്ങളും അധികാരവും ലക്ഷ്യമിടുന്നുവെന്നും മാർഗരേഖയിൽ വിമർശനമുണ്ട്.

ഇത്തരം പാർലമെന്ററി വ്യാമോഹങ്ങളാണ് തിരഞ്ഞെടുപ്പ് കാലത്തെ മറുകണ്ടം ചാടലുകൾക്ക് പ്രധാന കാരണമാകുന്നതെന്നും മാർഗരേഖ വിലയിരുത്തുന്നു. സംഘടനാ ദൗർബല്യങ്ങൾ പരിഹരിക്കുകയും അംഗങ്ങളുടെ രാഷ്ട്രീയ-പ്രത്യയശാസ്ത്ര നിലവാരം ഉയർത്തുകയും ചെയ്താൽ മാത്രമേ പാർട്ടിക്ക് തിരിച്ചടി മറികടക്കാനാകൂ എന്ന നിലപാടാണ് മാർഗരേഖ മുന്നോട്ടുവയ്ക്കുന്നത്.

Read More
s
ന്യൂസ് ഡെസ്ക്
View all posts →