വി.എസിന്റെ ഭ്രാന്തന്‍ നായ; പിണറായിയുടെ നന്‍പന്‍; കേരളം വിട്ട യതീഷ് ചന്ദ്രയെ നിര്‍ണായക ചുമതലയില്‍ നിയോഗിച്ച് കര്‍ണാടക

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് അപേക്ഷ നല്‍കി കേരള കേഡറില്‍ നിന്ന് ഒഴിവായ യുവ ഐപിഎസ് ഓഫീസര്‍ യതീഷ് ചന്ദ്രയെ നിര്‍ണായക ചുമതലയില്‍ നിയോഗിച്ച് കര്‍ണാടക സര്‍ക്കാര്‍. ബെംഗളുരു സിറ്റി പോലീസില്‍ ഡെപ്യൂട്ടി കമ്മീഷണറായാണ് യതീഷ് ചന്ദ്രയെ നിയമിച്ചിരിക്കുന്നത്.

കര്‍ണാടക കേഡറിലേക്ക് മാറാനുള്ള അദേഹത്തിന്റെ അപേക്ഷ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നേരത്തെ അംഗീകരിച്ചിരുന്നു. മൂന്ന് വര്‍ഷത്തേക്കാണ് യതീഷ് ചന്ദ്ര കര്‍ണാടക കേഡറിലേക്ക് സ്ഥലംമാറ്റം ആവശ്യപ്പെട്ടിരുന്നത്. ഇതിന് ആഭ്യന്തര മന്ത്രാലയം അനുമതി നല്‍കി.ബംഗളുരു സിറ്റി പോലീസില്‍ ഡെപ്യൂട്ടി കമ്മീഷണറായി ഇന്നലെ അദേഹം അദേഹം ചുമതലയേറ്റു. കേരള കേഡര്‍ ഐപിഎസ് ഓഫീസറായിരുന്ന യതീഷ് ചന്ദ്ര 2021ല്‍ കര്‍ണാടകത്തിലേക്ക് മാറുകയായിരുന്നു.

കൊവിഡ് നിയന്ത്രിക്കാനുള്ള ലോക്ക് ഡൗണിനിടെ നിയന്ത്രണങ്ങള്‍ തെറ്റിച്ചവരെ കണ്ണൂര്‍ ജില്ലാ പോലീസ് മേധാവിയായിരുന്ന യതീഷ് ചന്ദ്ര ഏത്തമിടീച്ചത് വിവാദമായിരുന്നു. നടപടി തെറ്റായിരുന്നെന്നും പൊറുക്കണമെന്നും മനുഷ്യാവകാശ കമ്മീഷനോട് കേരള പോലീസ് ക്ഷമാപണം നടത്തിയിരുന്നു. 2020 മാര്‍ച്ച് 22നാണ് ജില്ലാ പോലീസ് മേധാവി വളപട്ടണത്തു തയ്യല്‍ക്കടയ്ക്കു സമീപം നിന്നവരെ ഏത്തമിടീച്ചത്.

പുതുവൈപ്പിനില്‍ സമരക്കാര്‍ക്കെതിരെ യതീഷ് ചന്ദ്ര ലാത്തിചാര്‍ജ് നടത്തിയതും വിവാദമായിരുന്നു. ലാത്തിചാര്‍ജില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പരിക്കേറ്റിരുന്നു. പരിക്കേറ്റ അലന്‍ എന്ന കുട്ടി കുട്ടി ബാലാവകാശ കമ്മീഷനില്‍ പരാതി നല്‍കി.

അതിന് മുമ്പ് 2015ല്‍ യുഡിഎഫ് ഭരണകാലത്ത് ഇടതുപക്ഷത്തിന്റെ ഉപരോധസമരത്തില്‍ നടത്തിയ ലാത്തിചാര്‍ജും ഏറെ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. അന്ന് ഭ്രാന്തന്‍ നായയെന്നാണ് വി എസ് അച്യുതാനന്ദന്‍, യതീഷ് ചന്ദ്രയെ വിശേഷിപ്പിച്ചത്.

പിന്നീട് ഇടത് സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ കൊച്ചി ഡിസിപിയായി യതീഷ് ചന്ദ്രയെ നിയമിക്കുകയും ചെയ്തിരുന്നു. കര്‍ണാടകയിലെ ദേവാംഗരി ജില്ലയാണ് യതീഷ് ചന്ദ്ര ജനിച്ചത്. കര്‍ണാടകയില്‍ ജോലി ചെയ്യാനുള്ള ആഗ്രഹം അദേഹം പലപ്പോഴും പ്രകടിപ്പിച്ചിരുന്നു. തുടര്‍ന്നാണ് കര്‍ണാടക കേഡറിലേക്ക് മാറ്റാനായി അദേഹം അപേക്ഷ നല്‍കിയത്.

ശബരിമല പ്രവേശനവുമായി ബന്ധപ്പെട്ടു മുന്‍ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനെ തടഞ്ഞത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചെങ്കിലും കേരളത്തില്‍ വലിയൊരു വിഭാഗം ആളുകള്‍ മുഖം നോക്കാതെ നടപടിയെടുക്കുന്നതില്‍ യതീഷ് ചന്ദ്രയെ അഭിനന്ദിച്ചു. സര്‍ക്കാരിന്റെ പ്രീതി നേടി കണ്ണൂരിലെത്തിയെങ്കിലും പിന്നീടുണ്ടായ വിവാദങ്ങള്‍ മുഖ്യമന്ത്രിയുടെ അടക്കം വിമര്‍ശനങ്ങള്‍ക്ക് വിധേയനാക്കി.