ഷീ ജിങ് പിങ്ങിന്റെ ക്ഷണം; യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ചൈന സന്ദർശിക്കും

യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ചൈന സന്ദർശിക്കും. ചൈനീസ് പ്രസിഡന്റ് ഷീ ജിങ് പിങ്ങിന്റെ ക്ഷണം സ്വീകരിച്ചാണ് സന്ദർശനം. സാമ്പത്തിക, വികസന, സാംസ്കാരിക മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള ചർച്ചകൾ സന്ദർശനത്തിൽ നടത്തും.

ചൈന – യുഎഇ നയതന്ത്ര ബന്ധത്തിന്റെ 40-ാം വാർഷിക ആഘോഷ പരിപാടിയിലും ശൈഖ് മുഹമ്മദ് പങ്കെടുക്കും. ചൈനയും അറബ് രാജ്യങ്ങളുമായുള്ള സഹകരണ ഫോറത്തിന്റെ മന്ത്രിതല സമ്മേളനത്തെയും ശൈഖ് മുഹമ്മദ് അഭിസംബോധന ചെയ്യും. അതേസമയം ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ മെയ് 28ന് ദക്ഷിണ കൊറിയ സന്ദര്‍ശിക്കും. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായാണ് ശൈഖ് മുഹമ്മദ് ദക്ഷിണ കൊറിയയില്‍ എത്തുക.

ദക്ഷിണ കൊറിയ പ്രസിഡന്‍റ് യൂൻ സുക് യോളിന്‍റെ ക്ഷണം സ്വീകരിച്ചാണ് യാത്ര. രണ്ടു ദിവസത്തെ സന്ദർശനത്തിൽ വ്യാപാരം, നിക്ഷേപം, ഊർജം, സാങ്കേതിക വിദ്യ തുടങ്ങി വിവിധ മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നത് സംബന്ധിച്ച് ദക്ഷിണ കൊറിയന്‍ പ്രസിഡന്‍റുമായി ചര്‍ച്ച നടത്തും.

Read more