യുക്രൈന്-റഷ്യ യുദ്ധം തുടരുന്നതിനിടെ യുക്രൈന് നല്‍കി വന്നിരുന്ന ആയുധ സഹായം ഭാഗികമായി മരവിപ്പിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വിദേശ രാജ്യങ്ങള്‍ക്ക് അമേരിക്ക നല്‍കി വന്നിരുന്ന ആയുധ സഹായം പുനഃപരിശോധിക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന്
വൈറ്റ് ഹൗസ് ഡെപ്യൂട്ടി പ്രസ് സെക്രട്ടറി അന്ന കെല്ലി അറിയിച്ചു.
വ്യോമപ്രതിരോധ സംവിധാനത്തില്‍ ഉപയോഗിക്കുന്ന മിസൈലുകളുടെ വിതരണം ഉള്‍പ്പെടെയാണ് യുഎസ് മരവിപ്പിച്ചത്. അമേരിക്കന്‍ താത്പര്യങ്ങളെ മുന്‍നിര്‍ത്തിയാണ് തീരുമാനം. എന്നാല്‍ യുക്രൈനില്‍ റഷ്യ വ്യോമാക്രമണം ശക്തമാക്കിയതോടെ പ്രതിരോധത്തിനായി സെലെന്‍സ്‌കി പാശ്ചാത്യരാജ്യങ്ങളുടെ സഹായം തേടിയിരുന്നു.
റഷ്യയില്‍ നിന്ന് ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ചുള്ള ആക്രമണങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് സെലെന്‍സ്‌കി സഹായം തേടിയത്. കഴിഞ്ഞ ഞായറാഴ്ച നൂറുകണക്കിന് ഡ്രോണുകളും അറുപതിലധികം മിസൈലുകളുമാണ് റഷ്യ യുക്രൈന് നേരെ പ്രയോഗിച്ചത്. ആക്രമണത്തില്‍ ഒരു എഫ്-16 വിമാനം തകരുകയും പൈലറ്റ് കൊല്ലപ്പെടുകയും ചെയ്തിരുന്നു.
Read more
രണ്ട് വര്‍ഷത്തിലേറെയായി തുടരുന്ന യുദ്ധത്തില്‍ ഏറ്റവും വലിയ ആക്രമണമാണ് ഞായറാഴ്ചയുണ്ടായത്. ഇതിന് പിന്നാലെ യുഎസിന്റെ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ വാങ്ങാന്‍ സന്നദ്ധമാണെന്ന് സെലെന്‍സ്‌കി പറഞ്ഞിരുന്നു. ട്രംപ് അധികാരത്തില്‍ വന്നതുമുതല്‍ യുക്രൈന് നല്‍കിവരുന്ന ആയുധ സഹായം ക്രമേണ കുറഞ്ഞിരുന്നു.