അൻവാറുൽ അസീം അനാറിന്റെ കൊലപാതകം സിനിമയെ വെല്ലുന്നത്; കാരണം ബിസിനസ് വൈരാഗ്യം?

ബംഗ്ലാദേശ് എംപി അൻവാറുൽ അസീം അനാറിന്റെ കൊലപാതകത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. കൊലപാതക കാരണം ബിസിനസ് വൈരാഗ്യമാണ് എന്നാണ് സൂചന. കൊലപാതകത്തിൻ്റെ മുഖ്യസൂത്രധാരനും ബംഗ്ലാദേശി വംശജനുമായ അഖ്തറുസ്സമാൻ ഷഹീനും കൊല്ലപ്പെട്ട അസീം അനാറും തമ്മിൽ ബിസിനസ് തർക്കങ്ങളുണ്ടായിരുന്നുവെന്നാണ് പുറത്ത് വരുന്ന വിവരം.

കൊൽക്കത്തയിൽവെച്ച് കൊല്ലപ്പെട്ട അസീം അനാറിൻ്റെ സുഹൃത്തായിരുന്നു കേസിലെ മുഖ്യപ്രതിയായ അഖ്തറുസ്സമാൻ. ഇരുവരും തമ്മിലുള്ള ബിസിനസ് തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിലയിരുത്തപ്പെടുന്നത്. അടുത്തിടെ ഒരു ഗസ്റ്റ് ഹൗസ് വാങ്ങിയതുമായി ബന്ധപ്പെട്ട് ഇരുവർക്കുമിടയിൽ തർക്കങ്ങൾ നിലനിന്നിരുന്നു. ഇതാണ് കൊലപാതകത്തിന് കാരണമായതെന്നും റിപ്പോർട്ടുകളുണ്ട്.

ബംഗ്ലാദേശ് എംപി അൻവാറുൾ അസിം അനാറിനെ ഹണി ട്രാപ്പിലൂടെ ഫ്ലാറ്റിലെത്തിച്ച് വാടകകൊലയാളികൾ കൊലപ്പെടുത്തുകയായിരുന്നു. അസീം അൻവാറിൻ്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ത്യയിൽ ഒരാളും ബംഗ്ലാദേശിൽ മൂന്നുപേരുമാണ് ഇതുവരെ അറസ്റ്റിലായിട്ടുള്ളത്. എന്നാൽ, കേസിലെ മുഖ്യപ്രതിയായ അഖ്തറുസ്സമാൻ ഒളിവിലാണ്. യുഎസ് പൗരനായ ഇയാൾ കൃത്യം നടക്കുന്നതിന് രണ്ട് ദിവസം മുമ്പ് സ്വദേശമായ ബംഗ്ലാദേശിലേക്കും അവിടെനിന്ന് നേപ്പാളിലേക്കും കടന്നതായാണ് സൂചന.

അതേസമയം, അസീം അനാറിൻ്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ബംഗ്ലാദേശിൽ അറസ്റ്റിലായ മൂന്ന് പ്രതികളെയും കോടതി എട്ട് ദിവസത്തേക്ക് റിമാൻഡ് ചെയ്തു. അസീം അനാറിനെ ഹണിട്രാപ്പിൽ കുരുക്കിയ ഷിലാസി റഹ്‌മാൻ, കൊലയാളിസംഘത്തിൽ ഉൾപ്പെട്ട അമാനുള്ള അമാൻ എന്ന ഷിമുൽ ബുയ്യാൻ, ഫൈസൽ അലി എന്ന സാജി എന്നിവരെയാണ് കോടതി റിമാൻഡ് ചെയ്തത്. കൊലക്കേസുമായി ബന്ധപ്പെട്ട് അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരനായ ജിഹാദ് ഹാവലാധർ എന്നയാളെ കൊൽക്കത്തെ പോലീസും അറസ്റ്റ് ചെയ്തിട്ടുണ്ട്. കശാപ്പുകാരനായ ഇയാളാണ് മൃതദേഹം വെട്ടിമുറിക്കാനും മറ്റും സഹായംനൽകിയത്.

Read more