ഉക്രൈനിലെ സാധാരണക്കാരുടെ മരണം അസ്വസ്ഥപ്പെടുത്തുന്നത്; സ്വതന്ത്ര അന്വേഷണം വേണമെന്ന് ഇന്ത്യ

ഉക്രൈനിലെ ബുച്ചയില്‍ സാധാരണ ജനങ്ങള്‍ കൊല്ലപ്പെട്ട സംഭവത്തെ യു.എന്‍ സെക്യൂരിറ്റി കൗണ്‍സിലില്‍ ശക്തമായി അപലപിച്ച് ഇന്ത്യ. ഉക്രൈനിലെ സാധാരണക്കാരുടെ മരണം അസ്വസ്ഥപ്പെടുത്തുന്നതാണെന്ന് യുഎന്നിലെ ഇന്ത്യന്‍ പ്രതിനിധി ടിഎസ് തിരുമൂര്‍ത്തി പറഞ്ഞു. സംഭവത്തില്‍ സ്വതന്തമായ അന്വേഷണത്തെ പിന്തുണയ്ക്കുന്നുവെന്നും ഇന്ത്യ പറഞ്ഞു.

കുട്ടികള്‍ ഉള്‍പ്പടെ ബുച്ചയില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു.  റഷ്യന്‍ സേനയ്‌ക്കെതിരെ ആദ്യമായാണ് ഇന്ത്യ പരസ്യ വിമര്‍ശനം ഉന്നയിക്കുന്നത്.

‘ഞങ്ങള്‍ ഈ കൊലപാതകങ്ങളെ അസന്ദിഗ്ധമായി അപലപിക്കുകയും സ്വതന്ത്ര അന്വേഷണത്തിനുള്ള ആഹ്വാനത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നു,’റഷ്യയുടെ പേരെടുത്ത് പറയാതെയായിരുന്നു തിരുമൂര്‍ത്തിയുടെ പ്രസ്താവന.

സെക്യൂരിറ്റി കൗണ്‍സില്‍ വിഷയം അവസാനമായി ചര്‍ച്ച ചെയ്തതിന് ശേഷം ഉക്രൈനിലെ സ്ഥിതിഗതികള്‍ വളരെയധികം വഷളായിരിക്കുകയാണെന്നും, യുദ്ധം വരുത്തിവച്ച് മാനുഷിത പ്രത്യാഘാതങ്ങള്‍ ഗുരുതരമാണെന്നും തിരുമൂര്‍ത്തി ചൂണ്ടിക്കാട്ടി.

ഉക്രൈനിലെ സ്ഥിതിയില്‍ ഇന്ത്യ അതീവ ഉത്കണ്ഠാകുലരാണ്. അക്രമം ഉടന്‍ അവസാനിപ്പിക്കാനും ശത്രുത അവസാനിപ്പിക്കാനുമുള്ള ആഹ്വാനം ആവര്‍ത്തിക്കുന്നു എന്നും തിരുമൂര്‍ത്തി പറഞ്ഞു. നിരപരാധികളായ മനുഷ്യജീവനുകളാണ് അപകടത്തിലാകുന്നത്. പ്രശ്‌നപരിഹാരത്തിനായി നയതന്ത്രതലത്തില്‍ ഇടപെടലുണ്ടാവണമെന്ന ആവശ്യവും ഇന്ത്യ ആവര്‍ത്തിച്ചു.

Read more

ഉക്രൈന്‍ തലസ്ഥാനമായ കീവിന് സമീപമുള്ള ബുച്ചയില്‍ നിന്ന് റഷ്യന്‍ സൈന്യം പിന്മാറിയ പ്രദേശങ്ങളില്‍ സാധാരണക്കാരുടെ മൃതശരീരങ്ങള്‍ കണ്ടെത്തിയ സംഭവം ഞെട്ടലോടെയാണ് ലോകം കണ്ടത്. എന്നാല്‍ ബുച്ചയില്‍ റഷ്യന്‍ സൈന്യം സാധാരണക്കാരെ കൊലപ്പെടുത്തിയെന്ന വാര്‍ത്തകള്‍ റഷ്യന്‍ പ്രതിരോധ മന്ത്രാലയം നിഷേധിച്ചു. പ്രകോപനം സൃഷ്ടിക്കാനുള്ള ഉക്രൈന്‍ സര്‍ക്കാരിന്റെ നീക്കമാണ് ഇതെന്നായിരുന്നു റഷ്യയുടെ പ്രതികരണം.