ഇന്ത്യ പാകിസ്ഥാനെതിരെ യുദ്ധം പ്രഖ്യാപിച്ചാൽ സൗദി അറേബ്യ പാകിസ്ഥാന്റെ സഹായത്തിനെത്തുമെന്ന് പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ റിയാദ് സന്ദർശനത്തിനിടെ ഇരു രാജ്യങ്ങളും ഒപ്പുവച്ച പ്രതിരോധ കരാറിനെ പരാമർശിച്ചാണ് ഖ്വാജ ആസിഫിന്റെ പ്രതികരണം. ഒരു രാജ്യത്തിനെതിരായ ആക്രമണം ഇരു രാജ്യങ്ങൾക്കുമെതിരായ ആക്രമണമായി കണക്കാക്കും എന്നതാണ് കരാറിലെ ഏറ്റവും പ്രധാനപ്പെട്ട വ്യവസ്ഥ.
‘‘കൂട്ടായ പ്രതിരോധം എന്ന നാറ്റോ കരാറിലെ ആർട്ടിക്കിൾ 5ന് സമാനമാണിത്. അതായത്, കൂട്ടായ്മയിലെ ഒരു അംഗത്തിനു നേരെയുള്ള സൈനിക ആക്രമണം എല്ലാവർക്കുമെതിരെയുള്ള ആക്രമണമായി കരുതും. പ്രതിരോധമാണ് സൗദി അറേബ്യയുമായുള്ള കരാറിന്റെ ലക്ഷ്യം, ആക്രമണമല്ല.
സൗദി അറേബ്യയ്‌ക്കെതിരെയോ പാകിസ്ഥാനെതിരെയോ ആക്രമണം ഉണ്ടായാൽ, ഞങ്ങൾ സംയുക്തമായി അതിനെ പ്രതിരോധിക്കും. ഈ കരാർ ഏതെങ്കിലും ആക്രമണത്തിന് ഉപയോഗിക്കാൻ ഞങ്ങൾ ഉദ്ദേശിക്കുന്നില്ല’’ ഖ്വാജ ആസിഫ് പറഞ്ഞു.
Read more
ഇന്ത്യയുടെ നാലാമത്തെ വലിയ വ്യാപാരപങ്കാളിയാണ് സൗദി അറേബ്യ. ഇന്ത്യ, സൗദി അറേബ്യയുടെ രണ്ടാമത്തെ വലിയ വ്യാപാര പങ്കാളിയാണ്. 2024-25 വർഷത്തിൽ 4,188 കോടി ഡോളറിന്റെ ഉഭയകക്ഷിവ്യാപാരമാണ് ഇരുരാജ്യങ്ങൾക്കുമിടയിൽ നടന്നത്.







