റഷ്യയുടെ സെന്‍ട്രല്‍ ബാങ്ക് ഹാക്ക് ചെയ്‌തെന്ന് അനോണിമസ് ; രേഖകള്‍ പുറത്ത് വിടുമെന്ന് ഭീഷണി

റഷ്യ – ഉക്രൈന്‍ യുദ്ധം നടന്നുകൊണ്ടിരിക്കുന്ന സാഹചര്യയത്തില്‍ റഷ്യയുടെ സെന്ട്രല്‍ ബാങ്കായ ബാങ്ക് ഓഫ് റഷ്യ ഹാക്ക് ചെയ്‌തെന്ന അവകാശവാദമുന്നയിച്ച് അന്താരാഷ്ട്ര ഹാക്കര്‍ കൂട്ടായ്മ.

അന്താരാഷ്ട്ര ഹാക്കര്‍ കൂട്ടായ്മയായ അനോണിമസാണ് അവകാശവാദവുമായി രംഗത്തെത്തിയിരിക്കുന്നത്. അനോണിമസ് ടിവി എന്ന ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ബാങ്ക് ഓഫ് റഷ്യ ഹാക്ക് ചെയ്‌തെന്നും 48 മണിക്കൂറിനുള്ളില്‍ 35,000ത്തില്‍ അധികം രേഖകള്‍ പുറത്ത് വിടുമെന്നും അനോണിമസ് ട്വിറ്ററില്‍ കുറിച്ചു.

റഷ്യയുടെ ഉക്രൈന്‍ അധിനിവേശം തുടങ്ങിയപ്പോള്‍ മുതല്‍ വിവിധ അന്താരാഷ്ട്ര ഹാക്കര്‍മാര്‍ റഷ്യന്‍ സര്‍ക്കാരിന്റെയും, സര്‍ക്കാര്‍ നിയന്ത്രിത മാധ്യമങ്ങളുടെയും സൈറ്റുകള്‍ ബാക്ക് ചെയ്തിരുന്നു. അക്കൂട്ടത്തില്‍ പുതിയ ആക്രമണമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്.

അധിനിവേശത്തെ തുടര്‍ന്ന് സൈബര്‍ ആക്രമണങ്ങള്‍ ഉണ്ടാകുമെന്ന് നേരത്തെ കമ്പനികള്‍ക്ക് ഹാക്കര്‍മാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.