ഉക്രൈയ്‌നില്‍ വീണ്ടും ദുരിതം വിതച്ച് റഷ്യ; കീവിനെ കുലുക്കി മിസൈല്‍ ആക്രമണം

ഉക്രൈയ്ന്‍ തലസ്ഥാനമായ കീവില്‍ റഷ്യന്‍ മിസൈല്‍ ആക്രമണം. നിരവധി സ്‌ഫോടനങ്ങള്‍ കേട്ടെന്നും കനത്ത ആള്‍നാശം സംശയിക്കുന്നതായുമാണ് റിപ്പോര്‍ട്ടുകള്‍. പ്രാദേശിക സമയം രാവിലെ എട്ടോടെയാണ് ആക്രമണം ഉണ്ടായത്. തെരുവുകളില്‍ നിരവധി വാഹനങ്ങളും കെട്ടിടങ്ങളും തകര്‍ന്നു കിടക്കുന്ന ദൃശ്യങ്ങള്‍ അന്താരാഷ്ട്ര മാധ്യമങ്ങള്‍ പുറത്തുവിട്ടു.

റഷ്യ ക്രൈമിയ പാതയിലെ പ്രധാന പാലം തകര്‍ത്തതിന്റെ തിരിച്ചടിയാണ് ആക്രമണമെന്നാണ് സൂചന. പാലം തകര്‍ത്തത് ഭീകരാക്രണമെന്നായിരുന്നു റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുട്ടിന്റെ നിലപാട്.

കഴിഞ്ഞദിവസത്തെ സ്‌ഫോടനത്തില്‍ തകര്‍ന്ന ക്രിമിയന്‍ പാലത്തിനു സുരക്ഷ വര്‍ധിപ്പിക്കാനുള്ള ഉത്തരവ് പുടിന്‍ പുറപ്പെടുവിച്ചതായി റഷ്യ അറിയിച്ചു. ക്രിമിയയ്ക്കു പ്രകൃതിവാതകം എത്തിക്കുന്ന പൈപ്പിന്റെ സുരക്ഷ വര്‍ധിപ്പിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.

അതേസമയം, തെക്കന്‍ ഉക്രൈന്‍ നഗരത്തില്‍ ഞായറാഴ്ചയുണ്ടായ റഷ്യന്‍ മിസൈല്‍ ആക്രമണത്തെ ഉക്രൈന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി അപലപിച്ചു. കുറഞ്ഞത് 13 പേരെങ്കിലും കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. കൊല്ലപ്പെട്ടവരില്‍ ഒരു കുട്ടിയും ഉള്‍പ്പെടും. ആക്രമണത്തില്‍ 11 കുട്ടികള്‍ ഉള്‍പ്പെടെ 89 പേര്‍ക്ക് പരിക്കേറ്റതായും പ്രസിഡന്റിന്റെ ഓഫീസില്‍ നിന്നുള്ള പ്രസ്താവനയില്‍ പറയുന്നു.