'നാറ്റോയുടെ കൈയിലും ആണവായുധമുണ്ടെന്ന് റഷ്യ മറക്കരുത്', മുന്നറിയിപ്പുമായി ഫ്രാന്‍സ്

ആണവായുധങ്ങള്‍ ഉപയോഗിക്കുമെന്ന റഷ്യന്‍ ഭീഷണിക്ക് പിന്നാലെ മുന്നറിയിപ്പ് നല്‍കി ഫ്രാന്‍സ്. നാറ്റോയുടെ കൈയിലും ആണവായുധങ്ങള്‍ ഉണ്ടെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ മനസ്സിലാക്കണമെന്ന് ഫ്രഞ്ച് വിദേശകാര്യ മന്ത്രി ജീന്‍ യെവ്‌സ് ലെ ഡ്രിയാന്‍ പറഞ്ഞു.

നിങ്ങളുടെ ചരിത്രത്തില്‍ ഒരിക്കലും നേരിടാത്ത അനന്തരഫലങ്ങള്‍ നേരിടേണ്ടി വരുമെന്ന പുട്ടിന്റെ ഭീഷണി ഉക്രൈന്‍ സംഘര്‍ഷത്തില്‍ ആണവായുധം പ്രയോഗിക്കുമെന്ന് ഭീഷണിപ്പെടുത്തുന്നതിന് തുല്യമാണോ എന്ന ചോദ്യത്തിന്, അങ്ങനെയാണ് മനസ്സിലാക്കുന്നതെന്നും ലെ ഡ്രിയാന്‍ പറഞ്ഞു.

‘അറ്റ്‌ലാന്റിക് സഖ്യം ഒരു ആണവ സഖ്യമാണെന്ന് വ്ളാഡിമിര്‍ പുടിനും മനസിലാക്കണം, ഇതിനെ കുറിച്ച് ഇത്ര മാത്രമേ പറയുന്നുള്ളു’, ഫ്രഞ്ച് ടെലിവിഷന്‍ ടിഎഫ്1ല്‍ ലെ ഡ്രിയാന്‍ വ്യക്തമാക്കി.

അതേസമയം റഷ്യന്‍ അധിനിവേശത്തിന് പിന്നാലെ പ്രതിഷേധവുമായി ലോക രാജ്യങ്ങള്‍ മുന്നോട്ടെത്തിയിട്ടുണ്ട്. റഷ്യക്കെതിരെ ഉപരോധം കടുപ്പിക്കുന്നതായി അമേരിക്കന്‍ പ്രസിഡന്റ് ജൊ ബൈഡന്‍ അറിയിച്ചു. നാല് റഷ്യന്‍ ബാങ്കുകലെ കൂടി ഉപരോധത്തില്‍ ഏര്‍പ്പെടുത്തി.അമേരിക്കയിലുള്ള റഷ്യയുടെ സമ്പത്ത് മരവിപ്പിക്കുമെന്ന് ജോ ബൈഡന്‍ അറിയിച്ചു. എന്നാല്‍ ഉക്രൈനിലേക്ക് അമേരിക്കന്‍ സൈന്യത്തെ അയക്കില്ലെന്നും, നാറ്റോ രാജ്യങ്ങളുടെ ഓരോ ഇഞ്ച് പ്രദേശവും പ്രതിരോധിക്കുമെന്നും അമേരിക്ക വ്യക്തമാക്കി. യുദ്ധത്തിലേക്ക് കടന്ന് റഷ്യ കൂടുതല്‍ പ്രത്യാഘാതങ്ങല്‍ നേരിടേണ്ടി വരുമെന്ന് അമേരിക്ക മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഉക്രൈന് നേര്‍ക്കുള്ള സൈനിക നീക്കത്തിന്റെ പശ്ചാത്തലത്തില്‍ റഷ്യയ്‌ക്കെതിരെ ബ്രിട്ടണ്‍ സമ്പൂര്‍ണ ഉപരോധമേര്‍പ്പെടുത്തി. പ്രധാനമന്ത്രി ബോറിസ് ജോണ്‍സനാണ് ഇക്കാര്യം അറിയിച്ചത്. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ സ്വേച്ഛാധിപതിയാണെന്ന് തുറന്നടിച്ച അദ്ദേഹം ഉക്രൈനില്‍ റഷ്യ നടത്തുന്നത് ജനാധിപത്യത്തിന് മേലുള്ള കടന്നുകയറ്റമാണെന്നും പറഞ്ഞു. റഷ്യക്ക് മേല്‍ കൂടുതല്‍ ഉപരോധം ഏര്‍പ്പെടുത്തുമെന്ന് ബോറിസ് ജോണ്‍സണ്‍ അറിയിച്ചു.

റഷ്യക്കെതിരെ സാമ്പത്തിക ഉപരോധം കടുപ്പിക്കുമെന്ന് ജപ്പാനും അറിയിച്ചിട്ടുണ്ട്. റഷ്യന്‍ കമ്പനികള്‍ക്ക് യൂറോപ്പിയന്‍ യൂണിയനും ഉപരോധം ശക്തമാക്കി. റഷ്യയുടെ നീക്കത്തെ അപലപിച്ച് ജി.7 രാജ്യങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്.